സിഎഎ വിരുദ്ധ നാടകത്തിനു രാജ്യദ്രോഹക്കേസ്; സ്‌കൂള്‍ അധികൃതര്‍ക്ക് മുന്‍കൂര്‍ ജാമ്യം
രേഖകള്‍ കാണിച്ചില്ലെങ്കില്‍ അവര്‍ക്ക് രാജ്യം വിടേണ്ടിവരും എന്നുമാത്രമാണ് കുട്ടികള്‍ നാടകത്തിലൂടെ അവതരിപ്പിച്ചതെന്നും ഇത് രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ മാത്രമുള്ളതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ബെംഗളൂരു: കര്‍ണാടകയിലെ ബിദാറില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകത്തില്‍ പ്രധാനമന്ത്രിയെ പരിഹസിക്കുന്നുവെന്ന് ആരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സ്‌കൂള്‍ അധികൃതര്‍ക്കു കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. ബിദാറിലെ ഷഹീന്‍ പ്രൈമറി സ്‌കൂളിലെ അഞ്ച് മാനേജ്‌മെന്റ് പ്രതിനിധികള്‍ക്കാണ് ബിദാര്‍ ജില്ലാകോടതി ജഡ്ജി പ്രേമാവതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. നാടകത്തിലെ പരാമര്‍ശം പ്രഥമദൃഷ്ട്യാ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ മാത്രമുള്ളതല്ലെന്നും സമൂഹത്തില്‍ അനൈക്യം വളര്‍ത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഷഹീന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രസിഡന്റ് അബ്ദുല്‍ ഖദീര്‍, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ അലാവുദ്ദീന്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിറ്റിയിലെ മൂന്ന് അംഗങ്ങള്‍ എന്നിവര്‍ക്കാണ് രണ്ട് ലക്ഷം രൂപ യുടെ വ്യക്തിഗത ജാമ്യത്തുകയില്‍ ജാമ്യം അനുവദിച്ചത്. നാടകം സാമൂഹിക മാധ്യമങ്ങളിലൂടെ സംപ്രേഷണംചെയ്ത മാധ്യമപ്രവര്‍ത്തകന്‍ യൂസുഫ് റഹീമിനും ജാമ്യം അനുവദിച്ചിട്ടുണ്ട്.
രേഖകള്‍ കാണിച്ചില്ലെങ്കില്‍ അവര്‍ക്ക് രാജ്യം വിടേണ്ടിവരും എന്നുമാത്രമാണ് കുട്ടികള്‍ നാടകത്തിലൂടെ അവതരിപ്പിച്ചതെന്നും ഇത് രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ മാത്രമുള്ളതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രേഖ പരിശോധിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ കലാകരാന്‍ അപകീര്‍ത്തികരമായ പരാമര്‍ശം തമാശയായി ഉപയോഗിച്ചതായി കാണുന്നുണ്ട്. പക്ഷേ, ഉള്ളടക്കം പരിശോധിക്കുമ്പോള്‍ നാടകത്തിലൂടെ കുട്ടികള്‍ സിഎഎയ്‌ക്കെും എന്‍ആര്‍സിക്കുമെതിരേ സ്‌കൂളിലെ പരിപാടിയില്‍ അവതരിപ്പിച്ചതാണെന്നാണ് മനസ്സിലാവുന്നതെന്നും ജില്ലാ ജഡ്ജി പ്രേമാവതി പറഞ്ഞു. നാടകത്തിലെ ചില ഭാഗങ്ങള്‍ മാത്രം എടുത്തുകാട്ടിയാണ് പ്രോസിക്യൂഷന്‍ രാജ്യദ്രോഹം ആരോപിക്കുന്നത്. നാടകം പൂര്‍ണ രൂപത്തില്‍ കണ്ടാല്‍ എവിടെയും രാജ്യദ്രോഹം കാണാനാവില്ലെന്നും ജഡ്ജി വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരേ വന്‍ പ്രതിഷേധമുയരുന്നതിനിടെ ഇക്കഴിഞ്ഞ ജനുവരി 21നാണ് കര്‍ണാടക ബിദാറിലെ ഷഹീന്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നാടകം അവതരിപ്പിച്ചത്. എന്നാല്‍, നാടകത്തിനെതിരേ പോലിസ് രംഗത്തെത്തുകയും രാജ്യദ്രോഹക്കുറ്റം ചുമത്തി അധ്യാപികയെയും ഒരു കുട്ടിയുടെ മാതാവിനെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
