കര്‍ണാടകയില്‍ ബന്ദ് തുടരുന്നു; ബസിനു നേരെ കല്ലേറ്

1984ല്‍ സമര്‍പ്പിച്ച റിപോര്‍ട്ട് ഇതുവരെ നടപ്പാക്കിയിട്ടില്ല

Update: 2020-02-13 04:53 GMT

മംഗളൂരു: സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ കന്നടികര്‍ക്ക് തൊഴില്‍ സംവരണം ശുപാര്‍ശ ചെയ്യുന്ന സരോജിനി മഹിഷി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത കര്‍ണാടക ബന്ദ് തുടരുന്നു. ബന്ദിനിടെ ഫറംഗിപേട്ടിലെ തിരുപ്പതി-മംഗളൂരു ബസ്സിനു നേരെ കല്ലേറുണ്ടായി. അക്രമസാധ്യത കണക്കിലെടുത്ത് ബെംഗളൂരു പോലിസ് ഏതാനും പേരെ കരുതല്‍ തടങ്കലിലെടുത്തിട്ടുണ്ട്.

    12 മണിക്കൂര്‍ കര്‍ണാടക ബന്ദില്‍ തലസ്ഥാനമായ ബെംഗളൂരുവില്‍ ഓല, ഊബര്‍ സര്‍വീസുകളെ ബാധിച്ചു. വാഹന സര്‍വീസുകള്‍ പതിവുപോലെ സര്‍വീസ് നടത്തുന്നുണ്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് രണ്ട് എസിപികള്‍, അഞ്ച് പോലിസ് ഇന്‍സ്‌പെക്ടര്‍മാര്‍, 15 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 800 ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ബെംഗളൂരുവില്‍ സുരക്ഷയ്ക്കു വേണ്ടി ചുമതലപ്പെടുത്തിയിട്ടുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍, ബഹുരാഷ്ട്ര കമ്പനികള്‍ എന്നിവയില്‍ കന്നഡിഗര്‍ക്ക് നിശ്ചിത ശതമാനം ജോലികള്‍ ശുപാര്‍ശ ചെയ്യുന്ന മുന്‍ കേന്ദ്രമന്ത്രി സരോജിനി മഹിഷിയുടെ റിപോര്‍ട്ട് നടപ്പാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. 1984ല്‍ സമര്‍പ്പിച്ച റിപോര്‍ട്ട് ഇതുവരെ നടപ്പാക്കിയിട്ടില്ല.

    സ്‌കൂളുകളും കോളേജുകളും പതിവുപോലെ പ്രവര്‍ത്തിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. റാലികള്‍ക്കൊന്നും അനുമതി നല്‍കിയിട്ടില്ലെന്നും വ്യാപാര സ്ഥാപനങ്ങളും കടകളും അടച്ചുപൂട്ടുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും പോലിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.






Tags: