ഗോവധ നിരോധന ബില്ല് പാസാക്കി കര്‍ണാടക സര്‍ക്കാര്‍
കാലിക്കശാപ്പിന് 50,000 മുതല്‍ 5 ലക്ഷം രൂപ പിഴ നല്‍കുന്നതാണ് ബില്‍. പിഴയ്‌ക്കൊപ്പം ഏഴ് വര്‍ഷം വരെ തടവും ശിക്ഷ നല്‍കുന്നതാണ് നിയമം.
ബംഗളൂരു: കര്‍ണാടകത്തില്‍ ഗോവധ നിരോധന നിയമം പാസാക്കി യദ്യൂരപ്പ സര്‍ക്കാര്‍. ബില്ല് നിയമസഭയില്‍ പാസാക്കി. ശബ്ദവോട്ടോടെയാണ് ബില്‍ പാസായത്.
പശു കശാപ്പിനെതിരായ ഏറ്റവും കർശനമായ നിയമങ്ങളിലൊന്നാണ് കർണാടക നിയമസഭയിൽ ഇന്ന് പാസായത്. ഇതിനെതിരേ പ്രതിഷേധിച്ച് കോൺഗ്രസ് നിയമസഭാംഗങ്ങൾ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്ത് പശുക്കളെ കശാപ്പ് ചെയ്യുന്നത് നിരോധിക്കുന്ന നിയമത്തെ എതിർക്കാൻ നിയമപരമായ മാർഗ്ഗം തേടുമെന്ന് കോൺഗ്രസ് പറഞ്ഞു.
കാലിക്കശാപ്പിന് 50,000 മുതല്‍ 5 ലക്ഷം രൂപ പിഴ നല്‍കുന്നതാണ് ബില്‍. പിഴയ്‌ക്കൊപ്പം ഏഴ് വര്‍ഷം വരെ തടവും ശിക്ഷ നല്‍കുന്നതാണ് നിയമം. പശുക്കടത്ത്, പശുക്കൾക്കെതിരായ അതിക്രമങ്ങൾ, കശാപ്പ് എന്നിവയിൽ ഏർപ്പെടുന്നവർക്ക് കർശന ശിക്ഷ നൽകുന്നതിന് നിയമത്തിൽ വ്യവസ്ഥയുണ്ട്. ഗോമാംസം കന്നുകാലികളുടെ ഏതെങ്കിലും മാംസമായി നിർവചിക്കുന്നതിലൂടെ, സംസ്ഥാനത്ത് ഗോമാംസം കഴിക്കുന്നത് നിരോധിക്കുന്നതാണ് ബിൽ.
മൃഗസംരക്ഷണ മന്ത്രി പ്രഭു ചവാൻ ബിൽ അവതരിപ്പിച്ചതോടെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് എംഎൽഎമാർ സഭയുടെ അകത്തളത്തിലേക്ക് ഇറങ്ങി. ബിൽ പാസാക്കിയാൽ സാമുദായിക തലത്തിൽ ധ്രുവീകരണത്തിനായി ദുരുപയോഗം ചെയ്യാമെന്നും ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടാമെന്നും കോൺഗ്രസ് ആശങ്ക പ്രകടിപ്പിച്ചു.