കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: 10 മണ്ഡലങ്ങളില്‍ ബിജെപി മുന്നില്‍

Update: 2019-12-09 04:12 GMT
ബംഗളൂരു: കര്‍ണാടകയില്‍ 13 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുന്നു. ആദ്യ ഫലസൂചനകളില്‍ ബിജെപി 10 സീറ്റുകളിലും കോണ്‍ഗ്രസ് രണ്ടിടങ്ങളിലും ജെഡിഎസ് ഒരു സീറ്റിലും മുന്നേറുകയാണ്. 11 കേന്ദങ്ങളിലായാണ് വോട്ടണ്ണല്‍ പുരോഗമിക്കുന്നത്. നിലവില്‍ ആറ് സീറ്റെങ്കിലും നിലനിര്‍ത്തിയാല്‍ മാത്രമേ ബിജെപിക്ക് അധികാരത്തില്‍ തുടരാനാവുകയുള്ളൂ.

     224 അംഗങ്ങളുണ്ടായിരുന്ന കര്‍ണാടക നിയമസഭയില്‍, കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസ്സില്‍ നിന്നുമായി 17 എംഎല്‍എമാര്‍ രാജിവച്ച് മറുകണ്ടം ചാടിയതോടെയാണ് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ തകര്‍ന്നത്. തുടര്‍ന്ന് മറുകണ്ടം ചാടിയ എംഎല്‍എമാരെ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കി. ഇതോടെയാണ് കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

    ഉപതിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ നിയമസഭയിലെ അംഗബലം 222 ആവും. ബിജെപിക്ക് ഒരു സ്വതന്ത്രന്‍ അടക്കം 106 പേരുടെ പിന്തുണയാണ് ഇപ്പോഴുള്ളത്. കോണ്‍ഗ്രസിന് 66 പേരുടെയും ജെഡിഎസിന് 34 പേരുടെയും പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിന് 112 പേരുടെ പിന്തുണ വേണം. തിരഞ്ഞെടുപ്പ് നടന്ന 13 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്, ജെഡിഎസ് വിമതരെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയത്. ആകെ 15 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും രണ്ടിടത്ത് കേസ് നിലനില്‍ക്കുന്നതിനാലാണ് 13 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.




Tags:    

Similar News