ഹാഥ്റസിന് പിന്നാലെ ഉഡുപ്പിയിലും ദലിതര്‍ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തു

ചടങ്ങില്‍ ദലിത് നേതാക്കളായ സുന്ദര്‍ മസ്തര്‍, ശ്യാംരാജ് ബിര്‍തി, നാരായണന്‍ മനൂര്‍, ശേഖര്‍ ഹെജ്മാഡി, എന്നിവര്‍ പങ്കെടുത്തു.

Update: 2020-10-21 14:47 GMT

ഉഡുപ്പി: ഹാഥ്റസിന് പിന്നാലെ കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ അമ്പതോളം ദലിത് സമുദായംഗങ്ങള്‍ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തു. ഡോ. ബിആര്‍ അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചതിന്റെ 64ാമത് വാര്‍ഷിക ദിനത്തിലാണ് ഉഡുപ്പിയില്‍ 50 ഓളം പേര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്.

മൈസൂരില്‍ നിന്നെത്തിയ സുഗതപാല ഭാന്‍തെജിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഉഡുപ്പി ജില്ലയിലെ ബുദ്ധ മഹാസഭയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ ദലിത് നേതാക്കളായ സുന്ദര്‍ മസ്തര്‍, ശ്യാംരാജ് ബിര്‍തി, നാരായണന്‍ മനൂര്‍, ശേഖര്‍ ഹെജ്മാഡി, എന്നിവര്‍ പങ്കെടുത്തു.

ചടങ്ങിൽ എസ്എസ്എൽസി, പിയു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ 30 ലധികം വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകി അനുമോദിച്ചു. പ്രഫസർ ഭാസ്‌കർ വിറ്റൽ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി.

ഹാഥ്റസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് വാത്മീകി വിഭാഗത്തില്‍പ്പെട്ട 236 പേര്‍ ബുദ്ധമതം സ്വീകരിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ഖാസിയാബാദ് ജില്ലയിലെ കര്‍ഹേര ഗ്രാമത്തിലെ വാത്മീകി സമുദായംഗങ്ങളാണ് ഹിന്ദുമതം ഉപേക്ഷിച്ച് പകരം ബുദ്ധമതം തിരഞ്ഞെടുത്തത്.