ഡല്‍ഹിയെ 'കത്തിച്ച' കപില്‍മിശ്ര സമാധാന മാര്‍ച്ചുമായി തെരുവില്‍

സമാധാന മാര്‍ച്ച് എന്ന് പേരിട്ട റാലിയില്‍ 'എന്തുകൊണ്ടാണ് രത്തന്‍ ലാല്‍ കൊല്ലപ്പെട്ടത്', 'എന്തുകൊണ്ട് ക്ഷേത്രങ്ങള്‍ കത്തിച്ചു', 'സ്‌കൂളുകള്‍ എന്തിനാണ് കത്തിച്ചത്', 'സിഎഎ വിരുദ്ധ പ്രതിഷേധത്തിന്റെ പേരില്‍ ഭീകരത അനുവദിക്കില്ല' തുടങ്ങിയ പ്ലക്കാര്‍ഡുകളാണ് ഉയര്‍ത്തിയിരുന്നത്.

Update: 2020-02-29 13:14 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമാധാനപരമായ പ്രതിഷേധത്തെ ആക്രമണത്തിലേക്കു നയിക്കാന്‍ കാരണമായ വിദ്വേഷപ്രസംഗത്തിനുടമയായ ബിജെപി നേതാവ് കപില്‍ മിശ്ര സമാധാന മാര്‍ച്ചുമായി രംഗത്ത്. വടക്കുകിഴക്കന്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് നീങ്ങുന്നതിനിടെയാണ്, അക്രമം പൊട്ടിപ്പുറപ്പെടാന്‍ കാരണക്കാരനെന്ന് പ്രതിപക്ഷ കക്ഷികളെല്ലാം ഒന്നടങ്കം ആരോപിക്കപ്പെടുന്ന ബിജെപി നേതാവ് തന്നെ ജന്തര്‍ മന്തറില്‍ സമാധാന മാര്‍ച്ചുമായി തെരുവിലിറങ്ങിയത്. ദില്ലി പീസ് ഫോറം എന്ന സംഘടനയുടെ ബാനറിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

    ദേശീയപതാകയുമേന്തി ജന്തര്‍ മന്ദറില്‍ ഒത്തുകൂടിയവര്‍ 'ജയ് ശ്രീ റാം', 'ഭാരത് മാതാ കീ ജയ്', 'വന്ദേ മാതരം' എന്നീ മുദ്രാവാക്യങ്ങളാണ് ഉയര്‍ത്തിയത്. എന്നാല്‍, ബിജെപി നേതാവ് കപില്‍ മിശ്ര വേദിയില്‍ കയറാതെ ജനക്കൂട്ടത്തിനിടയില്‍ ഇരിക്കുകയായിരുന്നു. പ്രസംഗിക്കാനും അദ്ദേഹം തയ്യാറായിട്ടില്ല. സമാധാന മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിച്ച് കപില്‍ മിശ്ര രാവിലെ ട്വീറ്റ് ചെയ്തിരുന്നു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കും മിശഅര മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി. അതേസമയം, കപില്‍ മിശ്ര സമരത്തിനെത്തിയപ്പോള്‍ അനുയായികള്‍ അത്യാവശേത്തോടെയാണ് സ്വീകരിച്ചത്. സിംഹം എത്തിയെന്ന മുദ്രാവാക്യമാണ് മുഴക്കിയത്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ദിവസങ്ങളോളം മുള്‍മുനയില്‍ നിര്‍ത്തിയ കലാപത്തില്‍ കടകളും വീടുകളും കത്തിച്ചവരും സമാധാന മാര്‍ച്ചില്‍ പങ്കെടുത്തതായി ആക്ഷേപമുണ്ട്.

    സമാധാന മാര്‍ച്ച് എന്ന് പേരിട്ട റാലിയില്‍ 'എന്തുകൊണ്ടാണ് രത്തന്‍ ലാല്‍ കൊല്ലപ്പെട്ടത്', 'എന്തുകൊണ്ട് ക്ഷേത്രങ്ങള്‍ കത്തിച്ചു', 'സ്‌കൂളുകള്‍ എന്തിനാണ് കത്തിച്ചത്', 'സിഎഎ വിരുദ്ധ പ്രതിഷേധത്തിന്റെ പേരില്‍ ഭീകരത അനുവദിക്കില്ല' തുടങ്ങിയ പ്ലക്കാര്‍ഡുകളാണ് ഉയര്‍ത്തിയിരുന്നത്. ഏതാനും വിരമിച്ച സൈനിക ഉദ്യോഗസ്ഥരും വേദിയില്‍ ഉണ്ടായിരുന്നു. ജന്തര്‍ മന്തറില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കൊണാട്ട് പ്ലേസിലാണ് സമാപിച്ചത്. മാര്‍ച്ച് ആരംഭിക്കുന്നതിനുമുമ്പ് കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ജാഫറാബാദില്‍ സിഎഎ വിരുദ്ധ സമരം നടത്തിയവര്‍ക്കെതിരേ പ്രകോപനപരമായ പ്രസംഗത്തിലൂടെ കപില്‍ മിശ്രയാണ് കലാപത്തിന് ഉത്തരവാദിയെന്ന് ആരോപിച്ച് കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. കപില്‍ മിശ്ര ഉള്‍പ്പെടെ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ സാവകാശം നല്‍കിയിരിക്കുകയാണ്.




Tags:    

Similar News