കാവഡ് യാത്ര; യുപി സര്‍ക്കാരിന്റെ ഉത്തരവിനുളള സുപ്രിംകോടതി സ്റ്റേ തുടരും

Update: 2024-07-26 12:06 GMT

ന്യൂഡല്‍ഹി: കാവഡ് തീര്‍ത്ഥാടകര്‍ കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളില്‍ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദര്‍ശിപ്പിക്കണമെന്നുള്ള ഉത്തരവിനുള്ള സുപ്രിം കോടതിയുടെ സ്റ്റേ തുടരും. മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, സര്‍ക്കാറുകളോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.

തീര്‍ത്ഥാടകരുടെ മതവികാരം വ്രണപ്പെടാതിരിക്കാനാണ് നിര്‍ദേശം നല്‍കിയതെന്ന് യുപി സര്‍ക്കാര്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചു. നിര്‍ദേശം എല്ലാ കടയുടമകള്‍ക്കും ബാധകമാണെന്നും, ആരോടും വിവേചനം കാണിച്ചിട്ടില്ലെന്നും യുപി സര്‍ക്കാര്‍ വിശദീകരിച്ചു. കോടിക്കണക്കിന് പേരാണ് കാല്‍നടയായി യാത്ര ചെയ്യുന്നതെന്നും അബദ്ധവശാല്‍ പോലും മതവികാരം വ്രണപ്പെട്ടാല്‍ ചെറിയ പ്രശ്‌നങ്ങള്‍ വലിയ സംഘര്‍ഷത്തിലേക്ക് പോകുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ്വിഎന്‍ ഭട്ടി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഉത്തരവിനെതിരെ ടിഎംസി എംപി മഹുവ മൊയിത്രയും വിവിധ വ്യക്തികളുമാണ് സുപ്രിം കോടതിയെ സമീപിച്ചത്. ഒരു മതവിഭാഗത്തിനെതിരെ സാമ്പത്തിക ഭ്രഷ്ട് കല്‍പിക്കാനുള്ള നീക്കമാണെന്നാണ് ഹരജിക്കാരുടെ വാദം.




Tags: