ഫലസ്തീനികളുടെ പോരാട്ടത്തെ ഭീകരവാദമായി മുദ്രകുത്തരുത്; ജുമുഅയ്ക്കു ശേഷം പ്രത്യേക പ്രാര്‍ഥനയ്ക്ക് ആഹ്വാനവുമായി കാന്തപുരം

Update: 2023-10-12 13:34 GMT

കോഴിക്കോട്: ഇസ്രായേല്‍ ഫലസ്തീന്‍ യുദ്ധം അനിശ്ചിതത്വത്തിലേക്കും തീവ്രതയിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ അന്താരാഷ്ട്ര സമൂഹവും യു എന്നും അടിയന്തിരമായി ഇടപെടണമെന്ന് കാന്തപുരം എ പി അബുബക്കര്‍ മുസ് ല്യാര്‍. ഫലസ്തീന്‍ ജനതക്ക് നീതി ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിനും യുഎന്‍ അടക്കമുള്ള സംഘടനകള്‍ക്കും സാധിക്കാത്തത് കൊണ്ടാണ് അവിടുത്തെ ഒരു വിഭാഗം ആയുധമേന്താന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കാതെ സമീപിക്കുന്നത് പശ്ചിമേഷ്യന്‍ പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കും. ഇസ്രായേലിന് സാമ്പത്തികവും സായുധവുമായ സഹായം നല്‍കിയ ലോക രാഷ്ട്രങ്ങള്‍ ഇസ്രായേല്‍ ആക്രമിക്കപ്പെടുമ്പോള്‍ മാത്രം മനുഷ്യജീവന്റെ വിലയെക്കുറിച്ച് ആകുലപ്പെടുന്നത് മാനുഷിക വിരുദ്ധമാണ്. ഫലസ്തീനിലായാലും ഇസ്രായേലിലായാലും

    പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കമുള്ള നിരപരാധികള്‍ ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും പൂര്‍ണമായും അവസാനിപ്പിക്കാന്‍ മാനവികനന്മ ഉള്‍കൊള്ളുന്ന മുഴുവന്‍ രാജ്യങ്ങളും മുന്നോട്ടുവരണം. നിരപരാധികളെ ഇല്ലായ്മ ചെയ്യുന്ന യുദ്ധ സാഹചര്യങ്ങള്‍ മാനവികതയ്ക്കു നേരെയുള്ള കടുത്ത വെല്ലുവിളിയാണ്. ഇരു രാജ്യങ്ങളും നന്മ ഉള്‍ക്കൊണ്ട് യുദ്ധത്തില്‍ നിന്ന് പിന്‍മാറണം. ജന്മ നാടിനു വേണ്ടിയുള്ള ഫലസ്തീനികളുടെ പോരാട്ടത്തെ ഭീകരവാദവും തീവ്രവാദവുമായി മുദ്രകുത്തി പരിഹരിക്കാവുന്ന പ്രശ്‌നമല്ല പശ്ചിമേഷ്യയിലേത്. അന്താരാഷ്ട്ര യുദ്ധ മാനദണ്ഡങ്ങളും നിയമങ്ങളും കാറ്റില്‍പ്പറത്തി കുടിവെള്ളം അടക്കമുള്ള പ്രാഥമിക ആവശ്യങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്തി, ജനവാസ കേന്ദ്രങ്ങള്‍ മുന്നറിയിപ്പില്ലാതെ ആക്രമിക്കുന്ന ഇസ്രായേല്‍ നടപടി നീതികരിക്കാവുന്നതല്ല. വലിയ യുദ്ധക്കെടുതികളിലേക്കും ലോകം തന്നെ ചേരിതിരിഞ്ഞു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലേക്കും പോവുന്നത് അത്യന്തം ഭീതിജനകമാണ്. യുദ്ധം ശക്തിപ്പെടാതെ രമ്യതയിലേക്കെത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ നടത്താന്‍ യുഎന്‍ അടക്കമുള്ള സംഘടനകളും അറബ് രാജ്യങ്ങളും മുസ്‌ലിം കൂട്ടായ്മകളും മുന്നോട്ടുവരണം. അഖ്‌സയുടെ പുണ്യഭൂമിയില്‍ സമാധാനം പുലരാന്‍ ലോകജനത മനസ്സുരുകി പ്രാര്‍ഥിക്കണം. ജുമുഅയ്ക്കു ശേഷം പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നിര്‍വ്വഹിക്കുകയും വേണം. ഫലസ്തീനിലെ സഹോദരങ്ങള്‍ക്ക് അല്ലാഹു സമാധാനവും സുരക്ഷയും നല്‍കട്ടെയെന്നും കാന്തപുരം പ്രസ്താവനയില്‍ വ്യക്തമാക്കി.

Tags: