കാന്തപുരം ശാസിച്ചു; മുള്ളൂര്‍ക്കര സഖാഫി നിലപാട് തിരുത്തി

തൃശൂര്‍ ജില്ലയില്‍നിന്നുള്ള സിപിഎം അംഗമായ മുള്ളൂര്‍ക്കരയുടെ സംഘപരിവാര്‍ പ്രീണനപ്രസംഗത്തിനെതിരേ സമുദായത്തിനകത്ത് ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. എപി സുന്നി പ്രഭാഷകനെന്ന നിലയില്‍ സഖാഫിയുടെ വസ്തുതാവിരുദ്ധ പരാമര്‍ശങ്ങള്‍ സംഘടനയ്ക്കും ക്ഷീണമായി.

Update: 2019-11-18 06:42 GMT

പി സി അബ്ദുല്ല

കോഴിക്കോട്: വിവാദപ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി. തിരുവനന്തപുരം നേമത്ത് എസ്‌വൈഎസ് നബിദിന യോഗത്തില്‍ നടത്തിയ പ്രസംഗത്തിലെ നിലപാടുകള്‍ തിരുത്തുന്നതായി മുള്ളൂര്‍ക്കര സഖാഫി അറിയിച്ചു. ഇതുസംബന്ധിച്ച വിശദീകരണം അദ്ദേഹം ഫെയ്‌സ്ബുക്കിലും പങ്കുവച്ചു. തൃശൂര്‍ ജില്ലയില്‍നിന്നുള്ള സിപിഎം അംഗമായ മുള്ളൂര്‍ക്കരയുടെ സംഘപരിവാര്‍ പ്രീണനപ്രസംഗത്തിനെതിരേ സമുദായത്തിനകത്ത് ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു.

എപി സുന്നി പ്രഭാഷകനെന്ന നിലയില്‍ സഖാഫിയുടെ വസ്തുതാവിരുദ്ധ പരാമര്‍ശങ്ങള്‍ സംഘടനയ്ക്കും ക്ഷീണമായി. ഇതെത്തുടര്‍ന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ മുള്ളൂര്‍ക്കരയുടെ പ്രസംഗത്തിന്റെ നിജസ്ഥിതി അറിയിക്കാന്‍ എസ്‌വൈഎസ്, മുസ്‌ലിം ജമാഅത്ത് ഭാരവാഹികളെ നിയോഗിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന നേതാവ് എ സൈഫുദ്ദീന്‍ ഹാജി ഉദ്ഘാടനം ചെയ്ത നേമത്തെ നബിദിന സമ്മേളനത്തിലാണ് മുള്ളൂര്‍ക്കര ബിജെപിയെ പ്രീണിപ്പിച്ച് ചരിത്രത്തെ വളച്ചൊടിച്ചത്.



 ബാബരി കേസില്‍ സുപ്രിംകോടതി വിധി വന്ന ദിവസം വൈകീട്ടായിരുന്നു പരിപാടി. ബാബരി ചരിത്രത്തെയും കേരള മുസ്‌ലിം ചരിത്രത്തെയും ഹിന്ദുത്വര്‍ക്കനുകൂലമായി വ്യാഖ്യാനിച്ചായിരുന്നു പ്രസംഗം. മുള്ളൂര്‍ക്കരയുടെ പ്രസംഗം അതിരുകടന്നതും സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് തിരുവനന്തപുരത്തെ നേതാക്കള്‍ കാന്തപുരത്തെ അറിയിച്ചു. ഇതെത്തുടര്‍ന്ന് കാന്തപുരം മുള്ളൂര്‍ക്കരയെ താക്കീത് ചെയ്യുകയും പരസ്യമായി ഖേദപ്രകടനം നടത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. സംസ്ഥാന പിന്നാക്കക്ഷേമ കമ്മീഷന്‍ അംഗമായ മുള്ളൂര്‍ക്കര സഖാഫിക്ക് എ പി സുന്നി സംഘടനകളിലൊന്നും ഔദ്യോഗിക ഭാരവാഹിത്വമില്ല. എങ്കിലും എ പി സുന്നി പ്രഭാഷകനായാണ് അറിയപ്പെടുന്നത്.

മുള്ളൂര്‍ക്കരയുടെ വിശദീകരണത്തിന്റെ പൂര്‍ണരൂപം:

നേമത്ത് ഞാന്‍ നടത്തിയ നബിദിന പ്രഭാഷണം പലനിലയ്ക്കും പല അഭിപ്രായങ്ങള്‍ക്കും വഴിവയ്ക്കാനിടയായതില്‍ ഞാന്‍ ഖേദിക്കുന്നു. ചരിത്രകാരകന്‍മാരില്‍നിന്നും പണ്ഡിതന്‍മാരില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടിയ സാഹചര്യത്തില്‍ ഞാന്‍ എന്റെ പ്രസംഗത്തിലെ പല നിലപാടുകളും തിരുത്താന്‍ തയ്യാറാവുന്നു. ബാബരി മസ്ജിദ് വിഷയത്തില്‍ സുപ്രിംകോടതി വിധി മാനിക്കുന്നു. സുന്നി പണ്ഡിതനേതൃത്വത്തെ അംഗീകരിക്കുന്നു. നേതൃത്വത്തിന്റെ നിലപാടില്‍ വ്യത്യസ്തമായ നിലപാട് എനിക്കില്ല. പ്രസംഗം ആരെയൊക്കെ വേദനിപ്പിച്ചെങ്കില്‍ അവരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇനിയും ഇത് വിവാദമാക്കി സമുദായ ഐക്യം തകര്‍ക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു. 

Tags:    

Similar News