കാൺപൂർ സംഘർഷം: 40 പേരുടെ പോസ്റ്റർ പുറത്തുവിട്ട് പോലിസ്

ഇരുകൂട്ടർക്കിടയിൽ നടന്ന സംഘർഷത്തിൽ പോലിസ് തിരിച്ചറിഞ്ഞെന്ന് പറയുന്ന 55 പ്രതികളിൽ എല്ലാവരും മുസ്‌ലിംകളാണ്. 38പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

Update: 2022-06-06 16:36 GMT

കാൺപൂർ: ബിജെപി വക്താവ് നൂപുർ ശർമയുടെ പ്രവാചക നിന്ദയിൽ പ്രതിഷേധിച്ച് കടകൾ അടച്ചിടുന്നതിനെ ചൊല്ലി കാൺപൂരിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 40 പേരുടെ പോസ്റ്റർ കാൺപൂർ പൊലിസ് പുറത്തുവിട്ടു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റർ തയാറാക്കിയതെന്ന് പോലിസ് പറയുന്നു. ജൂൺ മൂന്നിനായിരുന്നു സംഘർഷം ഉണ്ടായത്.

പ്രതികൾക്കായി തിരച്ചിൽ നടത്താൻ പൊതുജനങ്ങൾ സഹായിക്കണമെന്ന് അഭ്യർഥിച്ചാണ് സചിത്ര പോസ്റ്റർ പ്രചരിപ്പിക്കുന്നതെന്നാണ് പോലിസ് വാദം. എന്നാൽ ഇത് സംഘർഷത്തിന് വീണ്ടും കാരണമാകാൻ സാധ്യതയുണ്ട്. നേരത്തെ ഇരുവിഭാ​ഗങ്ങൾക്കിടയിൽ ഉണ്ടായ സംഘർഷം ഇതുവരേയും അവസാനിച്ചിട്ടില്ല എന്ന സ്ഥിതി നിലനിൽക്കുമ്പോഴാണ് ഈ പോലിസ് നടപടി.

കലാപബാധിത പ്രദേശത്തും പരിസരത്തും ഹോർഡിങ്ങുകൾ സ്ഥാപിക്കുമെന്നും സംശയിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെയും ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പറുകൾ ഇതിൽ പ്രദർശിപ്പിക്കുമെന്നും റിപോർട്ടുണ്ട്. പ്രതികളെ കുറിച്ച് വിവരം അറിയിക്കാൻ ആളുകൾക്ക് വാട്ട്‌സ്ആപ് നമ്പറും നൽകിയിട്ടുണ്ട്. വിവരം നൽകുന്നവരുടെ വിവരങ്ങൾ മറച്ചുവെക്കുമെന്നും പാരിതോഷികമായി പണം നൽകുമെന്നും പോലിസ് പറയുന്നു.

വിവാദ പ്രസ്താവനക്കെതിരേ ആദ്യം പ്രതിഷേധമുയർന്ന കാൺപൂരിൽ 1000ത്തിലേറെ പേരടക്കം സംസ്ഥാനത്ത് നിരവധി പേർക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. നൂറിലേറെ പേരെ തിരിച്ചറിഞ്ഞതായി പോലിസ് പറയുന്നു. ഇരുകൂട്ടർക്കിടയിൽ നടന്ന സംഘർഷത്തിൽ പോലിസ് തിരിച്ചറിഞ്ഞെന്ന് പറയുന്ന 55 പ്രതികളിൽ എല്ലാവരും മുസ്‌ലിംകളാണ്. 38പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തെ തുടർന്ന് ബിജെപിക്ക് എതിരേയും ഇന്ത്യൻ സർക്കാരിനനെതിരേയും വ്യാപക പ്രതിഷേധമാണ് വിവിധ രാജ്യങ്ങളിൽ നിന്നുയരുന്നത്. ഇന്ത്യയിൽ നടക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന പ്രതിഷേധങ്ങളിൽ മോദി സ്റ്റോപ്പ് കില്ലിങ് മൈനോറിറ്റീസ്, അഡോൽഫ് മോദി, മോദി ഫേസ് ഓഫ് ഇന്ത്യൻ ഫാസിസം തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകൾ പ്രക്ഷോഭകർ ഉയർത്തിയിരുന്നു.