കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ആവര്‍ത്തനം; രാജി സന്നദ്ധത അറിയിച്ച് പരീക്ഷാ കണ്‍ട്രോളര്‍

Update: 2022-04-25 09:23 GMT

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ ബിഎ സൈക്കോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച സംഭവത്തില്‍ പരീക്ഷ കണ്‍ട്രോളര്‍ പി ജെ വിന്‍സെന്റ് രാജി സന്നദ്ധത അറിയിച്ചു. ഇന്ന് രാജിക്കത്ത് വൈസ് ചാന്‍സിലര്‍ക്ക് കൈമാറും. യൂനിവേഴ്‌സിറ്റി ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂവെന്ന നിലപാട് ഗവര്‍ണര്‍ കടുപ്പിച്ചതോടെയാണ് പരീക്ഷാ കണ്‍ട്രോളറുടെ രാജിയെന്ന തീരുമാനത്തിലേക്കെത്തിയത്. ധാര്‍മിക ഉത്തരവാദിത്തം തനിക്കുണ്ടെന്നും വിസി തീരുമാനമെടുക്കട്ടെയെന്നും പി ജെ വിന്‍സെന്റ് മാധ്യമങ്ങളോട് പറഞ്ഞു.

'ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന കാര്യത്തില്‍ യൂനിവേഴ്‌സിറ്റിക്കോ പരീക്ഷാഭവനോ നേരിട്ടുള്ള നിയന്ത്രണമില്ല. അതിന് പ്രത്യേകമായി തയ്യാറാക്കിയ ടീമാണ് ഈ പരീക്ഷാ പേപ്പര്‍ തയ്യാറാക്കുന്നത്. അവര്‍ അയച്ചുനല്‍കിയ പരീക്ഷാ പേപ്പറിലുണ്ടായ പ്രശ്‌നങ്ങളാണെന്നും വിന്‍സെന്റ് പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കണ്ണൂര്‍ സര്‍വകലാശാലയിലെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ബോട്ടണി, സൈക്കോളജി ചോദ്യപേപ്പറുകളില്‍ മുന്‍ വര്‍ഷങ്ങളിലെ ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിച്ചുവന്നിരുന്നു.

മലയാളം ചോദ്യപേപ്പറുകളില്‍തന്നെ വലിയ രീതിയിലുള്ള തെറ്റുകളുമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കെഎസ്‌യു അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതികളുടെയൊക്കെ അടിസ്ഥാനത്തിലാണ് ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പരീക്ഷാ കണ്‍ട്രോളര്‍ സ്ഥാനം രാജിവയ്ക്കാനുള്ള സന്നദ്ധത പി ജെ വിന്‍സെന്റ് അറിയിച്ചിരിക്കുന്നത്. വിവാദമായതോടെ സര്‍വകലാശാല പരീക്ഷകള്‍ റദ്ദാക്കി. ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച സംഭവം പഠിക്കാന്‍ അന്വേഷണ കമ്മീഷനെയും നിയോഗിച്ചു. പരീക്ഷാ ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കെതിരേ അന്വേഷണവും നടക്കുകയാണ്.

Tags:    

Similar News