തെരുവു വ്യാപാരികളോട് ഉത്തരേന്ത്യന്‍ മോഡല്‍ അതിക്രമവുമായി കണ്ണൂര്‍ ടൗണ്‍ പോലിസ്

Update: 2020-09-11 17:25 GMT

Full View

കണ്ണൂര്‍: കൊറോണ നിയന്ത്രണത്തിന്റെ പേരുപറഞ്ഞ് തെരുവു വ്യാപാരികളോട് ഉത്തരേന്ത്യന്‍ മോഡല്‍ അതിക്രമവുമായി കണ്ണൂര്‍ ടൗണ്‍ പോലിസ്. പഴം-പച്ചക്കറി വണ്ടി കാലുകൊണ്ട് ചവിട്ടി റോഡിലിട്ടു. വെള്ളിയാഴ്ച ഉച്ചയോടെ കണ്ണൂര്‍ ടൗണ്‍ മാര്‍ക്കറ്റിലാണ് സിറ്റി പോസ്‌റ്റോഫിസിനു സമീപത്തെ സാജിദിനു നേരെ അതിക്രമമുണ്ടായത്. തെരുവുകച്ചവടം എടുത്തുമാറ്റണമെന്നു പറഞ്ഞ് അസഭ്യം ചൊരിഞ്ഞ് ടൗണ്‍ എസ് ഐ വ്യാപാരിക്കു നേരെ തിരിയുകയായിരുന്നു. റോഡരികില്‍ പഴം-പച്ചക്കറി സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന സാജിദിനോട് തട്ടിക്കയറിയ മൂന്നംഗ പോലിസ് സംഘത്തില്‍ ഒരാള്‍ വ്യാപാരിയെ പിന്നില്‍ നിന്ന് കോളറിനു പിടിച്ച് വലിക്കുകയായിരുന്നു. 'നിന്റെ തന്തയുടെ വkയാണോ റോഡ്' എന്നു പറഞ്ഞായിരുന്നു എസ് ഐയുടെ അതിക്രമം. ഇതിനു ശേഷം മറ്റൊരു പോലിസുകാരന്‍ വ്യാപാരിയുടെ ഉന്തുവണ്ടി മഴ കൊള്ളാതിരിക്കാന്‍ സ്ഥാപിച്ച

    വലിയ കുട പിഴുതെറിഞ്ഞു. ശേഷം എസ് ഐ വ്യാപാരിയോട് തട്ടിക്കയറുകയും കാല് കൊണ്ട് വണ്ടിയിലെ ഭക്ഷണസാധനങ്ങള്‍ ചവിട്ടിത്തെറിപ്പിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് പഴങ്ങളും മറ്റും ഉന്തുവണ്ടിയില്‍ നിന്ന് റോഡിലേക്ക് വീണു. ഇതിനു ശേഷം പോലിസുകാര്‍ സ്ഥലം വിട്ടെങ്കിലും വൈകീട്ടോടെ ദൃശ്യങ്ങള്‍ ഫേസ് ബുക്ക്, വാട്ട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലിസ് വ്യാപാരിയെ തേടി വീണ്ടുമെത്തി. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് ആരാണെന്നു ചോദിച്ചായിരുന്നു ഇത്തവണ പോലിസ് ശകാരം. തുടര്‍ന്ന് വ്യാപാരിയെ പോലിസ് വാഹനത്തില്‍ ടൗണ്‍ സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. ഇതേക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് സാജിദ് ആവര്‍ത്തിച്ചുപറഞ്ഞെങ്കിലും പോലിസ് വിട്ടുകൊടുത്തില്ല. എസ് ടി യു യൂനിയന്‍ അംഗമായ സാജിദ് ഇക്കാര്യം പറഞ്ഞ് നേതാക്കളെ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ലെന്നും ആക്ഷേപമുണ്ട്. തുടര്‍ന്ന് എസ് ഡിപി ഐ കണ്ണൂര്‍ മേഖലാ പ്രസിഡന്റ് നവാസ് ടമ്മിട്ടോണ്‍ സ്റ്റേഷനിലെത്തി വിവരങ്ങള്‍ തേടി. സാജിദിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ച പോലിസ്, നാളെ ആധാര്‍ കാര്‍ഡുമായി സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. വ്യാപാരികളോട് ഉത്തരേന്ത്യന്‍ മോഡല്‍ അതിക്രമം കാണിക്കുന്ന പോലിസ് നടപടിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

    പഴം-പച്ചക്കറികള്‍ കാല്‍ കൊണ്ട് ചവിട്ടിത്തെറിപ്പിച്ച് കേരളാ പോലിസിന് അപമാനം വരുത്തുന്ന സംസ്‌കാരശൂന്യമായ പ്രവൃത്തി നടത്തിയ പോലിസുകാരനെതിരേ നടപടിയെടുക്കണമെന്ന് എസ് ഡിപി ഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു. ആരോ വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചതിന്റെ കുറ്റവും വ്യാപാരിക്കു മേല്‍ ചുമത്തി പോലിസ് പകപോക്കല്‍ നയം സ്വീകരിച്ചുവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതില്‍ നിന്നു പോലിസ് ഉദ്യോഗസ്ഥര്‍ പിന്‍മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലാത്തപക്ഷം അതിശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതരാവുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

Kannur town police attack North Indian model violence against street vendors




Tags:    

Similar News