ലോകയുക്ത ഭേദഗതി: സിപിഐ അടിയറവ് പറഞ്ഞേക്കും; കാനം ഉടൻ സിപിഎമ്മുമായി ചർച്ച നടത്തും
രാഷ്ട്രീയ ആലോചന ഇല്ലാതെ ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചതിൽ ഉള്ള എതിർപ്പ് കാനം നേരത്തെ പരസ്യമാക്കിയെങ്കിലും മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ മുഴുവനും മൗനികളായി തുടരുകയായിരുന്നു.
തിരുവനന്തപുരം: ലോകയുക്ത ഓർഡിനൻസ് സംബന്ധിച്ചു സിപിഐ സംസ്ഥാന സെക്രെട്ടറി കാനം രാജേന്ദ്രൻ ഉടൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്തും. അടുത്ത മാസം നിയമ സഭ ചേരാനിരിക്കെ തിടുക്കത്തിൽ ഓർഡിനേൻസ് ഇറക്കിയതിനെ കാനം രണ്ട് തവണ പരസ്യമായി വിമർശിച്ചിരുന്നു. എന്നാൽ ഈ എതിർപ്പും സിപിഐ അടിയറവ് വച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപോർട്ട്.
ലോകയുക്ത നിയമത്തിലെ 14 ആം വകുപ്പ് ഭരണഘടനയെ മറികടക്കുമെന്ന എജിയുടെ നിയമോപദേശം കൊണ്ടാണ് ഭേദഗതി കൊണ്ട് വന്നതെന്നാണ് സിപിഎം വിശദീകരണം. രാഷ്ട്രീയ ആലോചന ഇല്ലാതെ ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചതിൽ ഉള്ള എതിർപ്പ് കാനം നേരത്തെ പരസ്യമാക്കിയെങ്കിലും മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ മുഴുവനും മൗനികളായി തുടരുകയായിരുന്നു.
അതിനിടെ നിയമത്തിൽ ഭേദഗതി കൊണ്ട് വരുന്നു എന്നല്ലാതെ എന്താണ് ഭേദഗതി എന്നതിനെ കുറിച്ച് മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്നാണ് പാർട്ടി മന്ത്രിമാർ സിപിഐ സംസ്ഥാന നേതൃത്വത്തോട് വിശദീകരിച്ചത്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓർഡിനൻസ് കാര്യമായ ചർച്ചയില്ലാതെയാണ് കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചതെന്ന റിപോർട്ട് പുറത്തുവന്നതിന് പിന്നാലെ കാനം വലിയ പരുങ്ങലിലാണ്.
നിർണ്ണായക നിയമഭേദഗതി എൽഡിഎഫിലും ചർച്ച ചെയ്തില്ലെന്ന് ചൂണ്ടിക്കാണിച്ച് കാനം വിരുദ്ധപക്ഷം പൊട്ടിച്ച വെടിയെ തടുക്കാനാണ് കാനം രാജേന്ദ്രൻ ലോകായുക്ത ഭേദഗതിക്കെതിരേ പരസ്യമായി രംഗത്തുവന്നതെന്നാണ് പുറത്തുവരുന്ന റിപോർട്ട്. ഇതിൽ നിന്ന് പിന്നോട്ടുപോകുവാനുള്ള ഉപാധിയായിട്ടാണ് കോടിയേരിയുമായുള്ള ചർച്ചയെന്നും പ്രചാരണമുണ്ട്.
ഇതിനിടെ ലോകായുക്ത നിയമം ഭേദഗതി ചെയ്തുള്ള ഓർഡിനൻസിൽ ഒപ്പിടരുതെന്നും രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണ്ണറെ കണ്ടിരുന്നു. നിയമസഭ പാസാക്കിയ നിയമത്തിൽ ഭേദഗതിക്ക് കോടതിക്ക് മാത്രമേ അധികാരമുള്ളൂ എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു.
