രാമക്ഷേത്ര നിർമാണം എല്ലാ ഇന്ത്യക്കാരുടെയും സമ്മതത്തോടെ: കമൽനാഥ്

രാമക്ഷേത്രം നിർമിക്കണമെന്ന് രാജീവ് ഗാന്ധി ആവശ്യപ്പെട്ടിരുന്നെന്ന് ദിഗ് വിജയ് സിങ്ങും അഭിപ്രായപ്പെട്ടിരുന്നു

Update: 2020-08-02 03:49 GMT

ഭോപാൽ: അയോധ്യയിലെ രാമക്ഷേത്രം നിർമിക്കുന്നത് എല്ലാ ഇന്ത്യക്കാരുടെയും സമ്മതത്തോടെയാണെന്ന് മധ്യപ്രദേശ് കോൺഗ്രസ് തലവൻ കമൽനാഥ്. രാമക്ഷേത്ര നിർമാണത്തെ സ്വാഗതം ചെയ്യുന്നു. എല്ലാ ഇന്ത്യക്കാരുടെയും സമ്മതത്തോടെയാണ് ക്ഷേത്രനിർമാണം പുരോഗമിക്കുന്നത്. ഇത് ഇന്ത്യയിൽ മാത്രമേ സംഭവിക്കൂവെന്ന് കമൽനാഥ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

രാമക്ഷേത്രം നിർമിക്കണമെന്ന് രാജീവ് ഗാന്ധി ആവശ്യപ്പെട്ടിരുന്നെന്ന് ദിഗ് വിജയ് സിങ്ങും അഭിപ്രായപ്പെട്ടിരുന്നു. രാമക്ഷേത്രം നിർമിക്കണമെന്ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ശ്രീരാമനാണ് എല്ലാ വിശ്വാസങ്ങളുടെയും കേന്ദ്രം. രാജ്യം ഇന്നു മുന്നോട്ടുപോകുന്നത് ശ്രീരാമനിലുള്ള വിശ്വാസംകൊണ്ടാണ്. അതിനാലാണ് രാമൻ ജനിച്ച അയോധ്യയിൽ ഒരു ക്ഷേത്രം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നത്. രാജീവ് ഗാന്ധിയും ഇത് ആഗ്രഹിച്ചിരുന്നുവെന്ന് സിങ് ട്വിറ്ററിൽ കുറിച്ചു.

എന്നാൽ, പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി ഭൂമിപൂജാ ചടങ്ങ് ആ​ഗസ്ത് അഞ്ചിൽ നടത്തുന്നതിനെ സിങ് വിമർശിച്ചു. ഹിന്ദു വിശ്വാസപ്രകാരം മുഹൂർത്തമില്ലാത്ത ദിവസം ചടങ്ങ് നടത്തുന്നതിലൂടെ വിശ്വാസങ്ങളും മതപരമായ വികാരങ്ങളും സർക്കാർ അവഗണിക്കുകയാണെന്ന് സിങ് ആരോപിച്ചു.

എന്നാൽ, ക്ഷേത്രനിർമാണം വൈകിപ്പിക്കുന്നതിനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്ന് സിങ്ങിന്‌ മറുപടിയായി മുതിർന്ന ബിജെപി നേതാവ് നരോത്തം മിശ്ര പറഞ്ഞു. രാമൻ സാങ്കല്പിക കഥാപാത്രമാണെന്നു പറഞ്ഞ്‌ കോടതിയെ സമീപിച്ച കോൺഗ്രസ് നേതാക്കൾ ഇപ്പോൾ രാമനുവേണ്ടി സംസാരിക്കുന്നതായും മിശ്ര പരിഹസിച്ചു.

Similar News