പെരുമാറ്റചട്ടലംഘനം; കമല്‍ നാഥിനെ താരപ്രചാരക പട്ടികയില്‍നിന്ന് നീക്കി

എന്നാല്‍ തീരുമാനത്തെ കോടതിയില്‍ ചോദ്യംചെയ്യുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

Update: 2020-10-30 16:16 GMT

ഭോപ്പാല്‍: പെരുമാറ്റചട്ടലംഘനം ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ താരപ്രചാരക പട്ടികയില്‍നിന്ന് നീക്കി. അദ്ദേഹത്തെ കോണ്‍ഗ്തസ് താരപ്രചാരകരുടെ പട്ടികയില്‍നിന്നും ഉടന്‍ നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കുകയായികുന്നു. മധ്യപ്രദേശില്‍ അടുത്തയാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി.

ബിജെപിയുടെ വനിതാ സ്ഥാനാര്‍ത്ഥിക്കെതിരേ 'ഐറ്റം' എന്ന വാക്ക് ഉപയോഗിച്ച കമല്‍നാഥ് പ്രചാരണവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്ന് തിങ്കളാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിപ്രായപ്പെട്ടിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ കാലഘട്ടത്തില്‍ ഇത്തരം പദങ്ങള്‍ പൊതുവായി ഉപയോഗിക്കരുതെന്ന് കമ്മീഷന്‍ കമല്‍നാഥിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനെതിരെയും അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതോടെ കമ്മീഷന്‍ കടുത്ത നടപടിയിലേക്ക് നീങ്ങി. പലതവണ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ചട്ടലംഘനം ആവര്‍ത്തിച്ച സാഹചര്യത്തിലാണ് കടുത്ത നടപടി സ്വീകരിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ തീരുമാനത്തെ കോടതിയില്‍ ചോദ്യംചെയ്യുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

മാതൃകാ പെരുമാറ്റച്ചട്ടം നിരന്തരം ലംഘിച്ച സംഭവങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കമല്‍ നാഥിനോട് പ്രതികരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതികരണം തൃപ്തികരമല്ലെന്ന് കമ്മീഷന്‍ പറഞ്ഞു. താരപ്രചാരക പട്ടികയില്‍ നിന്ന് നീക്കിയതോടെ ഇനി മുതല്‍ കമല്‍നാഥ് നടത്തുന്ന പ്രചാരണത്തിന്റെ മുഴുവന്‍ ചെലവും സ്ഥാനാര്‍ത്ഥിക്ക് പരമവാധി ചിലവാക്കാന്‍ കഴിയുന്ന പ്രചാരണ ഫണ്ടിന്റെ പരിധിയില്‍ വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലേക്ക് നവംബര്‍ മൂന്നിനാണ് ഉപതെരഞ്ഞെടുപ്പ്.