ബാബരി മസ്ജിദ് കേസ്: കല്ല്യാണ്‍ സിങിനു ജാമ്യം

1992 ഡിസംബര്‍ ആറിനു ഹിന്ദുത്വര്‍ ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ കല്ല്യാണ്‍ സിങായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി

Update: 2019-09-27 15:34 GMT

ലക്‌നോ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കല്ല്യാണ്‍ സിങിനു സിബിഐ കോടതി ജാമ്യം അനുവദിച്ചു. രണ്ടുലക്ഷം രൂപയുടെ ബോണ്ടിന്‍മേലാണ് സിബിഐ പ്രത്യേക കോടതി ജാമ്യം അനുവദിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മനീഷ് പറഞ്ഞു. കല്ല്യാണ്‍ സിങിന് ഇനി ഭരണഘടനാപരമായ പരിരക്ഷയില്ലെന്ന റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നേരത്തേ സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശ് ഗവര്‍ണറായിരുന്നതിനെ തുടര്‍ന്ന്, ഭരണഘടനാ പരിരക്ഷയുണ്ടായതിനാല്‍ കല്ല്യാണ്‍സിങിനെതിരായ നടപടികള്‍ വൈകിയിരുന്നു. എന്നാല്‍, ഗവര്‍ണര്‍ പദവിയില്‍നിന്നു മാറിയ ഉടനെ തന്നെ ബാബരി മസ്ജിദ് തകര്‍ത്ത കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ അപേക്ഷ നല്‍കുകയും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. രാജസ്ഥാന്‍ ഗവര്‍ണറായിരുന്ന കല്ല്യാണ്‍ സിങ് അദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയാക്കി ഈമാസം ഒമ്പതിനു ബിജെപിയില്‍ വീണ്ടും ചേര്‍ന്നിരുന്നു. 1992 ഡിസംബര്‍ ആറിനു ഹിന്ദുത്വര്‍ ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ കല്ല്യാണ്‍ സിങായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവരും കല്ല്യാണ്‍ സിങിനൊപ്പം കൂട്ടുപ്രതികളാണ്.




Tags:    

Similar News