കല്ലാംകുഴി ഇരട്ടക്കൊല;ലീഗ് നേതാവ് ഉള്‍പ്പെടെ 25 പ്രതികള്‍ക്കും ജീവപര്യന്തം

മുസ്‌ലിം ലീഗ് നേതാവും കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ ചേലോട്ടില്‍ സി എം സിദ്ദിഖാണ് ഒന്നാം പ്രതി

Update: 2022-05-16 07:12 GMT

പാലക്കാട്: മണ്ണാര്‍ക്കാട് കല്ലാംകുഴി ഇരട്ടകൊലക്കേസില്‍ 25 പ്രതികള്‍ക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. പാലക്കാട് അഡിഷനല്‍ ജില്ലാ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

2013 നവംബര്‍ 21നു സിപിഎം പ്രവര്‍ത്തകരായ പള്ളത്ത് നൂറുദ്ദീനേയും (40),സഹോദരന്‍ ഹംസയേയും (കുഞ്ഞുഹംസ 45)കൊല്ലപ്പെടുത്തിയ കേസിലാണു പ്രതികള്‍ കുറ്റക്കാരെന്നു ജില്ലാ ജഡ്ജി ടി എച്ച് രജിത വിധിച്ചത്.മുസ്‌ലിം ലീഗ് നേതാവും കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ ചേലോട്ടില്‍ സി എം സിദ്ദിഖാണ് ഒന്നാം പ്രതി. നാലാം പ്രതി ഹംസപ്പ വിചാരണക്കിടെ മരിച്ചിരുന്നു. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കു കൊലപാതകം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ല.

2013 നവംബര്‍ 20ന് രാത്രി ഒമ്പതുമണിയോടെ മാരകായുധങ്ങളുമായെത്തിയ സംഘം കുഞ്ഞുഹംസയെയും നൂറുദ്ദീനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയ, വ്യക്തിവിരോധവും ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവുമാണു കൊലപാതകത്തിനു കാരണമായതെന്നു കുറ്റപത്രത്തില്‍ പറയുന്നു. സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് 1998ല്‍ കല്ലാംകുഴി പാലയ്ക്കാപറമ്പില്‍ മുഹമ്മദ് വധിക്കപ്പെട്ട കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട ഹംസയും നൂറുദ്ദീനും. 2007ല്‍ കോടതി പ്രതികളെ വിട്ടയച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സംഘടനയ്ക്കുവേണ്ടി പണപ്പിരിവു നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം വീണ്ടും പ്രകോപനത്തിനു കാരണമായെന്നു പോലിസ് പറയുന്നു.

കൊല്ലപ്പെട്ട ഹംസ, പണപ്പിരിവ് ചോദ്യം ചെയ്തു കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയിരുന്നു. പിരിവിനെതിരേ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പൊതുയോഗം നടത്തിയതോടെ പ്രശ്‌നത്തിനു രാഷ്ട്രീയമാനം കൈവന്നു. സംഭവവുമായി ബന്ധപ്പെട്ട് ലീഗ് നടത്തിയ പ്രകടനത്തിനിടെ സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ഇവരെ ചികില്‍സയ്ക്കുശേഷം വീട്ടില്‍ കൊണ്ടുപോകുമ്പോഴായിരുന്നു നൂറുദ്ദീനും ഹംസയ്ക്കും നേരെ ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരുടെ മൂത്ത സഹോദരന്‍ കുഞ്ഞുമുഹമ്മദിനും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. കുഞ്ഞുമുഹമ്മദായിരുന്നു കേസിലെ നിര്‍ണായകസാക്ഷി. കേസില്‍ 27 പേരെ പോലിസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തൊണ്ണൂറിലേറെ സാക്ഷികളെ വിസ്തരിച്ചു.

കൊലപാതകം നടന്നു 7 വര്‍ഷത്തിനു ശേഷമാണു വിചാരണ ആരംഭിച്ചത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ പ്രധാന പ്രചാരണവിഷയമായിരുന്നു ഇരട്ടക്കൊലപാതകം. മുസ്‌ലിംലീഗുകാരായ പ്രതികളെ പാര്‍ട്ടി നേതൃത്വം സംരക്ഷിക്കുകയാണെന്ന ആരോപണം സിപിഎം ഉയര്‍ത്തിയിരുന്നു. ഡിവൈഎസ്പി എസ് ഷറഫുദ്ദീന്‍, ഇന്‍സ്‌പെക്ടര്‍ കെ അനില്‍കുമാര്‍, എസ്‌ഐ എ ദീപകുമാര്‍ എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍.

Tags:    

Similar News