കളമശ്ശേരി സ്‌ഫോടനത്തില്‍ വിദ്വേഷ പ്രചാരണം; റിപോര്‍ട്ടര്‍ ചാനലിനും സുജയാ പാര്‍വതിക്കുമെതിരേ കേസ്

Update: 2023-11-01 15:43 GMT

കൊച്ചി: കളമശ്ശേരി ബോംബ് സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയില്‍ റിപോര്‍ട്ടര്‍ ചാനലിനും മാധ്യമപ്രവര്‍ത്തക സുജയാ പാര്‍വതിക്കുമെതിരെ കേസെടുത്തു. കളമശ്ശേരി സ്വദേശി യാസീന്‍ അറഫാത്തിന്റെ പരാതിയിലാണ് തൃക്കാക്കര പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 153, 153 എ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്നതിന് വേണ്ടി റിപോര്‍ട്ടര്‍ ചാനലും സുജയയും വിദ്വേഷ പ്രചാരണം നടത്തിയെന്നു കാണിച്ച് ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്.

    കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ ചാനലിലൂടെ സംഭവത്തെ ഫലസ്തീന്‍ വിഷയവുമായി ബന്ധപ്പെടുത്തി മുസ്‌ലിം സമുദായത്തെയാകെ അടച്ചാക്ഷേപിക്കുന്ന പ്രചരണമുണ്ടായെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ഊഹാപോഹങ്ങളിലൂടെ ചേരി തിരിഞ്ഞുള്ള പ്രചാരണങ്ങള്‍ ചാനലിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തേ, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ പരാതിയില്‍ ജനം ടിവിക്കെതിരേയും റിപോര്‍ട്ടര്‍ക്കെതിരേയും കേസെടുത്തിരുന്നു.

Tags: