കളമശ്ശേരി സ്‌ഫോടന പരമ്പര: മരണം മൂന്നായി, പ്രതി മാര്‍ട്ടിനെ ഇന്നും ചോദ്യംചെയ്യും

Update: 2023-10-30 04:41 GMT

കൊച്ചി: കളമശ്ശേരി യഹോവ സാക്ഷി കണ്‍വന്‍ഷന്‍ സെന്റര്‍ ബോംബ് സ്‌ഫോടന പരമ്പരയില്‍ മരണപ്പെട്ടവരുടെ എണ്ണം മൂന്നായി. ഗുരുതരമായി പരിക്കേറ്റിരുന്ന മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ ലിബിന(12)യാണ് മരണപ്പെട്ടത്. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വട്ടോളിപ്പടി പുളിയന്‍വീട്ടില്‍ ലിയോണ പൗലോസ്(55), ഇടുക്കി കാളിയാര്‍ മുപ്പത്താറ് കവലയില്‍ വാടകയ്ക്കു താമസിക്കുന്ന കുളത്തിങ്കല്‍ കുമാരി (53) എന്നിവര്‍ ഇന്നലെ മരണപ്പെട്ടിരുന്നു. സംഭവത്തില്‍ 60ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ തിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. അതിനിടെ, സ്‌ഫോടനം നടത്തിയത് താനാണെന്ന് വെളിപ്പെടുത്തി പോലിസില്‍ കീഴടങ്ങിയ എറണാകുളം തമ്മനത്ത് താമസിക്കുന്ന ഡൊമിനിക് മാര്‍ട്ടിനെ ഇന്നും ചോദ്യം ചെയ്യല്‍ തുടരും. ഡൊമിനിക് മാര്‍ട്ടിനാണ് പ്രതിയെന്ന് സ്ഥിരീകരിച്ച പോലിസ് വിശദമായി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ്.

    ഞായറാഴ്ച രാവിലെ 9.30ഓടെയാണ് നാടിനെ ഞെട്ടിച്ച സ്‌ഫോടനപരമ്പരകള്‍ അരങ്ങേറിയത്. 2000ത്തോളം പേര്‍ പങ്കെടുത്ത യഹോവ സാക്ഷികളുടെ വാര്‍ഷിക കണ്‍വന്‍ഷനിലാണ് തുടര്‍ സ്‌ഫോടനങ്ങള്‍ നടന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജിനു സമീപമുള്ള സംറ കണ്‍വന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. വെള്ളിയാഴ്ച തുടങ്ങിയ സമ്മേളനത്തിന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ പ്രാര്‍ഥന തുടങ്ങി അല്‍പസമയത്തിനകമാണ് ഉഗ്ര സ്‌ഫോടനങ്ങള്‍ നടന്നത്. മണിക്കൂറുകള്‍ക്കകം തൃശൂര്‍ കൊടകര പോലിസ് സ്‌റ്റേഷനിലെത്തിയാണ് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ കീഴടങ്ങിയത്. ഇതിനു മുമ്പ് ഇയാള്‍ ഫേസ്ബുക്കിലൂടെ സ്‌ഫോടനം നടത്തിയതു സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്തിരുന്നു. സ്ത്രീകളും കുട്ടികളും പ്രായമായവരുമെല്ലാം ഉള്‍പ്പെടുന്നവര്‍ക്കിടയിലാണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളജിന് പുറമെ ആലുവ രാജഗിരി, കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി, കാക്കനാട് സണ്‍റൈസ് ആശുപത്രികളിലാണ് കഴിയുന്നത്. ഐഇഡി എന്നറിയപ്പെടുന്ന ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസിവ് ഡിവൈസ് ആണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തിരിച്ചറിഞ്ഞത്.

    അതിനിടെ, വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ പ്രതി ഡൊമിനിക് മാര്‍ട്ടിനൈ എആര്‍ ക്യാംപിലാണ് ഇന്നും ചോദ്യം ചെയ്യുന്നത്. കേരളാ പോലിസിന്റെ പ്രത്യേകാന്വേഷണ സംഘവും എന്‍എസ്ജിയുടെ പ്രത്യേക സംഘവും പ്രതിയെ ചോദ്യം ചെയ്യും. ഇന്നലെ കളമശ്ശേരി ക്യാംപില്‍ എന്‍ഐഎ സംഘം ചോദ്യം ചെയ്തിരുന്നു.

Tags: