കഫീല്‍ ഖാന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരേ യുപി സര്‍ക്കാര്‍ സുപ്രിം കോടതില്‍
ലക്‌നോ: കഫീല്‍ ഖാന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരേ യുപി സര്‍ക്കാര്‍ സുപ്രിം കോടതില്‍. കഫീല്‍ ഖാന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുപി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി. കുറ്റകൃത്യത്തിലേര്‍പ്പെട്ട ചരിത്രമാണ് കഫീല്‍ ഖാനുള്ളതെന്നും ഇതിനാലാണ് അദ്ദേഹത്തിനെതിരേ അച്ചടക്ക നടപടിയിലേക്ക് കടന്നതെന്നും ഹരജിയില്‍ സര്‍ക്കാര്‍ പറയുന്നു. അതിനാല്‍ അദ്ദേഹത്തെ ആരോഗ്യസേവനരംഗത്ത് നിന്ന് പുറത്താക്കി എന്നതടക്കമുള്ള നടപടികള്‍ നേരിട്ടിട്ടുണ്ടെന്നും യു.പി സര്‍ക്കാര്‍ ഹരജിയില്‍ പറയുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ചു എന്നാരോപിച്ച് ദേശ സുരക്ഷാ നിയമ പ്രകാരമാണ് കഫീല്‍ ഖാനെ യുപി പോലിസ് അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ കഫീല്‍ ഖാന്റെ പ്രസംഗത്തില്‍ വിദ്വേഷം പരത്തുന്നതോ അക്രമത്തിന് പ്രോല്‍സാഹിപ്പിക്കുന്നതോ ആയ യാതൊന്നുമില്ല എന്ന് കണ്ടെത്തിയാണ് ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതും ജയില്‍ നിന്ന് മോചിപ്പിച്ചതും. ഇനിയും കഫീല്‍ ഖാനെ തടവിലിടുന്നത് നിയമവിരുദ്ധമാണന്ന് സെപ്തംബര്‍ ഒന്ന് പുറത്തിറക്കിയ ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിനെതിരേ ചുമത്തിയ കുറ്റങ്ങളില്‍ തെളിവില്ല, പ്രസംഗത്തില്‍ ദേശവിരുദ്ധതയില്ല. തടവിലാക്കിയത് നിയമവിരുദ്ധമാണ്. അദ്ദേഹത്തിനെതിരേ ആരോപിച്ച കുറ്റങ്ങള്‍ നിലനില്‍ക്കാത്തതും കേസുകള്‍ അനാവശ്യവുമാണ്' വിധിയില്‍ ഹൈകോടതി അഭിപ്രായപ്പെട്ടിരുന്നു.
ജയിലില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നും ദിവസങ്ങളോളം പട്ടിണിക്കിട്ടുവെന്നും കഫീല്‍ ഖാന്‍ പറഞ്ഞിരുന്നു. മോചിതനായ ശേഷം തനിക്ക് യുപി മെഡിക്കല്‍ സര്‍വീസില്‍ തിരിച്ചുകയറണമെന്ന് അദ്ദേഹം മുഖ്യമന്ത്രി യോഗി സര്‍ക്കാരിന് മൂന്ന് കത്തുകള്‍ എഴുതിയിട്ടുണ്ടെങ്കിലും പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും ഖാന്‍ പറഞ്ഞിരുന്നു.
ഗൊരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ 60 കുട്ടികള്‍ മരിച്ച കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതോടെയാണ് ഡോ. കഫീല്‍ സര്‍ക്കാരിന് നോട്ടപ്പുള്ളിയായത്.തുടര്‍ന്ന് കുട്ടികളുടെ മരണത്തിന് കാരണം അദ്ദേഹമാണന്നും അദ്ദേഹത്തിന്റെ ചികിത്സാപ്പിഴവുകളെ കാണിച്ച് ഉത്തരവാദിമുദ്രകുത്തി കഫീല്‍ഖാനെതിരെ കേസെടുത്തു ജയിലിലടക്കുകയായികുന്നു. പിന്നിട് ജയില്‍ മോചിതനായ അദ്ദേഹത്തെ പൗരത്വ നിയമത്തിന് എതിരായ സമരത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ വീണ്ടും അറസ്റ്റു ചെയുകയായിരുന്നു. ഫെബ്രുവരി 10ന് ഈ കേസില്‍ കോടതി ജാമ്യം നല്‍കി. എന്നാല്‍ യു.പി സര്‍ക്കാര്‍ യുഎപിയ ചുമത്തി വീണ്ടും ജയിലിലാക്കുകയായിരുന്നു.
