ആര്‍എസ്എസ് വിട്ടതിനു യുവാവിനെ വെട്ടിക്കൊന്ന കേസില്‍ പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ നാലിന്
മുന്‍ പ്രവര്‍ത്തകനായ ജയനെ സംഘടന വിട്ട വിരോധത്തില്‍ കടവൂര്‍ ക്ഷേത്ര ജങ്ഷനില്‍ വച്ച് ആര്‍എസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്
കൊല്ലം: ആര്‍എസ്എസ് വിട്ടതിനു യുവാവിനെ വെട്ടിക്കൊന്ന കേസില്‍ പ്രതികളായ ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകരും കുറ്റക്കാരെന്നു കോടതി. കടവൂര്‍ ജയന്‍ കൊലക്കേസിലാണ് കൊല്ലം അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാര്‍ പ്രതികളെ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. ശിക്ഷ നാലിനു വിധിക്കും. കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതികളുടെ അസാന്നിധ്യത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനും ജഡ്ജി ഉത്തരവിട്ടു. മുന്‍ പ്രവര്‍ത്തകനായ ജയനെ സംഘടന വിട്ട വിരോധത്തില്‍ കടവൂര്‍ ക്ഷേത്ര ജങ്ഷനില്‍ വച്ച് ആര്‍എസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ തൃക്കരുവ ഞാറയ്ക്കല്‍ ഗോപാല സദനത്തില്‍ ഷിജു(ഏലുമല ഷിജു), മതിലില്‍ ലാലിവിള വീട്ടില്‍ ദിനരാജ്, മതിലില്‍ അഭി നിവാസില്‍ രജനീഷ്(രഞ്ജിത്), കടവൂര്‍ തെക്കടത്ത് വീട്ടില്‍ വിനോദ്, കടവൂര്‍ പരപ്പത്തുവിള തെക്കതില്‍ വീട്ടില്‍ പ്രണവ്, കടവൂര്‍ താവറത്ത് വീട്ടില്‍ സുബ്രഹ്മണ്യന്‍, കൊറ്റങ്കര ഇടയത്ത് വീട്ടില്‍ ഗോപകുമാര്‍, കടവൂര്‍ വൈക്കം താഴതില്‍ പ്രിയരാജ്, കടവൂര്‍ കിഴക്കടത്ത് ശ്രീലക്ഷ്മിയില്‍ അരുണ്‍(ഹരി) എന്നിവരെയാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്. അറസ്റ്റിലായ പ്രതികള്‍ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രതികളെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. 2012 ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം. കേസില്‍ ആകെ 23 സാക്ഷികളും മാരകായുധങ്ങള്‍ ഉള്‍പ്പെടെ 38 തൊണ്ടി മുതലുകളുമാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപചന്ദ്രന്‍ പിള്ള, പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ബി മഹേന്ദ്ര, വിഭു എന്നിവര്‍ ഹാജരായി.
