എന്നെ കൊല്ലാന്‍ പലതവണ ശ്രമിച്ചിട്ടുണ്ടെന്ന് എനിക്കറിയാം; പ്രതികരണവുമായി കെ സുധാകരന്‍

Update: 2023-07-01 09:21 GMT

കണ്ണൂര്‍: തന്നെ കൊലപ്പെടുത്താന്‍ സിപിഎം വാടക കൊലയാളികളെ അയച്ചെന്ന ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി രംഗത്ത്. 'തന്നെ കൊല്ലാന്‍ പലവട്ടം, പല സന്ദര്‍ഭങ്ങളില്‍, പലയിടങ്ങളില്‍ അവര്‍ ആളുകളെ അയച്ചിരുന്നുവെന്ന കാര്യം എനിക്കറിയാമെന്ന് സുധാകരന്‍ പറഞ്ഞു. ശക്തിധരന്റെ വെളിപ്പെടുത്തലിന് നന്ദിയുണ്ട്. വെളിപ്പെടുത്തലില്‍ കേസെടുക്കുമെന്ന പ്രതീക്ഷയില്ല. പിണറായിയോട് വേദമോതിയിട്ട് കാര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു. കൂത്തുപറമ്പില്‍ പൊതുയോഗത്തിനു പോയപ്പോള്‍ ചായകുടിക്കാന്‍ പോകുമെന്ന് പ്രതീക്ഷിച്ച വീടിന് തൊട്ടു മുമ്പുള്ള കല്ലുവെട്ട് കുഴിയില്‍ കാത്തിരുന്ന ദിവസമുണ്ട്. ആയുസിന്റെ നീളം കൊണ്ട് അന്ന് ചായ കുടിക്കാന്‍ പോയില്ല. അതുകൊണ്ട് രക്ഷപ്പെട്ടതാണ്. ഇങ്ങനെ ഒരുപാട് സന്ദര്‍ഭങ്ങള്‍ മറികടന്നാണ് ഇവിടെവരെ എത്തിയത്. എന്റെ ജീവനെടുക്കാന്‍ അവര് വിചാരിച്ചാല്‍ നടക്കില്ല. ദൈവം തന്നെ വിചാരിക്കണം. ഞാന്‍ ദൈവ വിശ്വാസിയാണെന്നും സുധാകരന്‍ പറഞ്ഞു. കെ സുധാകരനെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ അയച്ചുവെന്നായാരുന്നു ജി ശക്തിധരന്റെ പുതിയ വെളിപ്പെടുത്തല്‍. വാടക കൊലയാളികളെ വിട്ട പ്രസ്ഥാനത്തിലായിരുന്നു താനെന്നാണ് ശക്തിധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്. നേരത്തേ, സിപിഎം ഉന്നതനേതാവ് കൈതോലപ്പായയില്‍ രണ്ടര കോടിയോളം രൂപ കൊണ്ടുപോയെന്ന ഫേസ്ബുക്ക് പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.




Tags: