'പുനഃസംഘടനയില്ലെങ്കില്‍ ഞാനെന്റെ വഴിക്കുപോവും'; നേതൃയോഗത്തില്‍ ഭീഷണിയുമായി കെ സുധാകരന്‍

Update: 2023-05-09 12:38 GMT

സുല്‍ത്താന്‍ബത്തേരി: ഒരുമാസത്തിനകം കോണ്‍ഗ്രസ് പുനഃസംഘടന പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഞാനെന്റെ വഴിക്കുപോവുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. വയനാട് സുല്‍ത്താന്‍ബത്തേരിയിലെ നേതൃയോഗത്തിലാണ് സുധാകരന്റെ ഭീഷണി. കെപിസിസി അധ്യക്ഷ സ്ഥാനത്ത് രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പ്രതീക്ഷിച്ചരീതിയില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് ബോധ്യമുണ്ട്. തന്റെ കഴിവുകേടുകൊണ്ടോ ബോധപൂര്‍വ്വമോ അല്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടാണ്. നേതൃയോഗത്തിന്റെ ഉദ്ഘാടനശേഷം നടന്ന യോഗത്തിലാണ് കെ സുധആകരന്‍ അധ്യക്ഷ പദവി ഒഴിയുമെന്ന് രോഷത്തോടെ പറഞ്ഞത്. പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇന്നത്തെ മുഖമായിരുന്നില്ല കോണ്‍ഗ്രസിന് ഉണ്ടാവുക. മുഖം മാറുമായിരുന്നു. പാര്‍ട്ടിയില്‍ ഗ്രൂപ്പിന്റെ അതിപ്രസരമാണ്. പോഷകസംഘടനാ ഭാരവാഹികളെ നിശ്ചയിക്കുന്നത് താന്‍ അറിയുന്നില്ലെന്നും സുധാകരന്‍ തുറന്നടിച്ചു. രണ്ടുദിവസത്തെ ലീഡേഴ്‌സ് മീറ്റില്‍ കെ മുരളീധരന്‍, ശശി തരൂര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരൊഴികെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം പങ്കെടുക്കുന്നുണ്ട്. വിദേശത്തായതിനാലാണ് തരൂര്‍ പങ്കെടുത്തത്.

    മുരളീധരന്‍ ചൊവ്വാഴ്ച വൈകീട്ടോടെ യോഗത്തിനെത്തും. പങ്കെടുക്കാനുള്ള അസൗകര്യം മുല്ലപ്പള്ളി നേതൃത്വത്തെ അറിയിച്ചതായാണു സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ഒരുങ്ങുന്നതിന്റെ ഭാഗമായാണ് രണ്ടുദിവസത്തെ നേതൃയോഗം വിളിച്ചത്. കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയകാര്യസമിതി അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ 91 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. എഐസിസി ഭാരവാഹികളായ കെ സി വേണുഗോപാല്‍, താരീഖ് അന്‍വര്‍, വിശ്വനാഥ പെരുമാള്‍ തുടങ്ങിയവര്‍ പൂര്‍ണസമയം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Tags:    

Similar News