ആർഎസ്എസിനെ സംരക്ഷിച്ചുവെന്ന പരാമർശം: സുധാകരൻ തന്നെ വിശദീകരിക്കട്ടെയെന്ന് കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ആർഎസ്എസ് കാര്യാലയം സംരക്ഷിച്ചു എന്ന കെ സുധാകരന്റെ പ്രസ്താവനയിൽ പ്രതികരിക്കാൻ തയ്യാറാവാതെ കുഞ്ഞാലിക്കുട്ടി. പരാമർശത്തെ കുറിച്ച് കെ സുധാകരൻ തന്നെ വിശദീകരിക്കട്ടെ എന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, തലശ്ശേരി കലാപത്തിൽ സുധാകരൻ ആർഎസ്എസിനൊപ്പം നിന്നതിന്റെ തെളിവാണ് പ്രസ്താവനയെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു.
സുധാകരന്റെ പ്രസ്താവനയോടുള്ള അതൃപ്തി ലീഗ് നേതാവ് പി കെ അബ്ദുറബ്ബ് ഫേസ്ബൂക്കിലൂടെ വ്യക്തമാക്കിയതിന് പിന്നാലെയാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ന്യായീകരിക്കാനോ ഗൗരവത്തിലെടുക്കേണ്ട എന്ന് പറയാനോ കുഞ്ഞാലിക്കുട്ടി ശ്രമിച്ചില്ല. പരാമർശത്തെ കുറിച്ച് സുധാകരൻ തന്നെ വിശദീകരിക്കട്ടെ എന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിശദീകരണം കാത്തിരുന്ന് കാണാമെന്നും ഇപ്പോൾ കൂടുതലായി ഒന്നും പറയുന്നില്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഗവർണർ തർക്കമടക്കം സർക്കാരിനെതിരായ പല വിഷയങ്ങളിലും ലീഗും കോൺഗ്രസും തമ്മിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കെയാണ് പുതിയ വിവാദം.