ഒരു മന്ത്രിക്ക് പ്രഫസര്‍ പദവി നല്കാന്‍ കേരളം നല്‍കേണ്ടത് 10 കോടി; നിയമവിരുദ്ധമെന്ന് കെ സുധാകരന്‍

Update: 2022-01-22 02:17 GMT

തിരുവനന്തപുരം: വിരമിച്ച കോളജ് അധ്യാപകര്‍ക്കും യുജിസി ചട്ടം ലംഘിച്ച് പ്രഫസര്‍ പദവി നല്‍കാന്‍ കാലിക്കറ്റ് സര്‍വ്വകലാശാല തീരുമാനത്തിനെതിരേ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഒരു മന്ത്രിക്ക് പ്രഫസര്‍ പദവി നല്കാന്‍ കേരളം നല്‍കേണ്ടത് 10 കോടി രൂപയാണെന്നും പിണറായി സര്‍ക്കാരിനു മാത്രമേ ഇത്തരം ഭ്രാന്തന്‍ നടപടി സ്വീകരിക്കാനാകുവെന്നും കെ സുധാകരന്‍ പരിഹസിച്ചു. മന്ത്രി ആര്‍.ബിന്ദുവിന് പ്രഫസര്‍ പദവി നല്കാന്‍ യുജിസി ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും ലംഘിച്ച് കാലിക്കറ്റ് സര്‍വകലാശാല 2018നുശേഷം വിരമിച്ചവര്‍ക്ക് പ്രഫസര്‍ഷിപ്പ് നല്കാനുള്ള നടപടി അടിയന്തരമായി റദ്ദാക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

കാലിക്കട്ട് സര്‍വകലാശാലയ്ക്കു പിന്നാലെ ഇപ്പോള്‍ മറ്റു സര്‍വകലാശാലകളിലും 2018നുശേഷം വിരമിച്ചവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഇതനുസരിച്ച് 200 ഓളം അധ്യാപകര്‍ക്ക് 5 ലക്ഷം രൂപ വച്ച് ശമ്പളകുടിശിക നല്കുമ്പോള്‍ സര്‍ക്കാരിന് 10 കോടി രൂപയുടെ ബാധ്യത ഉണ്ടാകും. കൊവിഡ് കാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഇത് തികച്ചും അധാര്‍മികവും നിയമവിരുദ്ധവുമാണെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രഫസര്‍ പദവി പേരിനൊപ്പം ചേര്‍ത്ത് മന്ത്രി ബിന്ദു പ്രചാരണം നടത്തിയതും, ബാലറ്റ് പേപ്പറില്‍ പ്രഫസര്‍ എന്ന് രേഖപ്പെടുത്തിയതും ചോദ്യം ചെയ്ത് യുഡിഎഫിലെ എതിര്‍ സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള ഹര്‍ജി ദുര്‍ബലപ്പെടുത്താനാണ് കാലിക്കറ്റ് സര്‍വകലാശാല, വിരമിച്ച മന്ത്രി ഉള്‍പ്പടെയുള്ള കോളജ് അധ്യാപകര്‍ക്ക് പ്രഫസര്‍ പദവി നല്‍കുവാന്‍ യുജിസി ചട്ടങ്ങളില്‍ ഇളവ് അനുവദിച്ചത്.

മന്ത്രിയുടെ അറിവോട് കൂടിയാണ് കാലിക്കറ്റ് സര്‍വകലാശാല, സര്‍ക്കാരിന്റെയും യുജിസിയുടെയും ഉത്തരവ് മറികടന്നതെങ്കില്‍ മന്ത്രി ഈ സ്ഥാനത്ത് തുടരുവാന്‍ അര്‍ഹയല്ല. മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറിയുടെ ഭാര്യയെ അസോസിയേറ്റ് പ്രഫസ്സറാക്കാന്‍ മുന്‍കയ്യെടുത്തതിന് പാരിതോഷികമായി കണ്ണൂര്‍ സര്‍വകലാശാല വിസിക്ക് ചട്ടവിരുദ്ധമായി പുനര്‍നിയമനം നല്‍കാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ കത്തെഴുതിയ മന്ത്രി, തനിക്ക് പ്രഫസ്സര്‍ പദവി ലഭിക്കാന്‍ ഏത് ചട്ടവും ലംഘിക്കുമെന്ന് ഉറപ്പാണ്. കെ സുധാകരന്‍ പറഞ്ഞു.

Tags:    

Similar News