കെ എസ് ഷാന്‍ കൊലക്കേസ്: കുറ്റപത്രം മടക്കിനല്‍കണമെന്ന പ്രതികളുടെ ഹരജി തിങ്കളാഴ്ചത്തേക്ക് മാറ്റി

Update: 2024-02-02 11:10 GMT

ആലപ്പുഴ: എസ് ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെഎസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം മടക്കിനല്‍കണമെന്ന പ്രതികളുടെ ഹരജി ആലപ്പുഴ അഡീഷനല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇന്ന് പ്രോസിക്യൂഷന്‍ ഭാഗത്തിന്റെ വാദം കേട്ട ശേഷമാണ് മാറ്റിയത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി പി ഹാരിസ് ഹാജരായി. അടുത്ത ദിവസം പ്രതിഭാഗത്തിന്റെ വാദം കേള്‍ക്കും. ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍. കൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന കെ വി ബെന്നിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസറാണ് കുറ്റപത്രം സമര്‍പ്പിക്കേണ്ടതെന്നും അതിനാല്‍ കുറ്റപത്രം മടക്കണം എന്നും ആവശ്യപ്പെട്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ തന്നെയാണ് കുറ്റപത്രം നല്‍കിയതെന്നും അതിനാല്‍ ഹരജി നിലനില്‍ക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസിലെ എല്ലാ പ്രതികളും ഇപ്പോള്‍ ജാമ്യത്തിലാണ്. 2021 ഡിസംബര്‍ 18ന് രാത്രിയാണ് വീട്ടിലേക്കുള്ള വഴിമധ്യേ ബൈക്കില്‍ വാഹനം ഇടിച്ചുവീഴ്ത്തിയ ശേഷം ആര്‍എസ്എസ് സംഘം അഡ്വ. കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനു മണിക്കൂറുകള്‍ക്കു ശേഷം നടന്ന ബിജെപി ഒബിസി മോര്‍ച്ചാ നേതാവ് അഡ്വ. രഞ്ജിത് ശ്രീനിവാസന്‍ കൊലക്കേസില്‍ കഴിഞ്ഞ ദിവസം 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു.

Tags:    

Similar News