കെ റെയിലില്‍ ഇടതുമുന്നണിയില്‍ പൊട്ടിത്തെറിക്ക് സാധ്യത; ആദ്യ വെടി പൊട്ടിച്ച് ബിനോയ് വിശ്വം
കെ റെയിലിന്റെ കാര്യത്തില്‍ ബിനോയ് വിശ്വം അടക്കമുള്ള സിപിഐ നേതാക്കളുടെ നിലപാടിനോട് കാനം രാജേന്ദ്രന്‍ യോജിക്കേണ്ടി വരുന്ന അവസ്ഥയുണ്ടായാല്‍ കെ റെയിലിന്റെ കാര്യം അനിശ്ചിതത്വത്തിലാകും.
കോഴിക്കോട്: കെ റെയില്‍ പദ്ധതി ഉപേക്ഷിക്കുകയോ, നിര്‍ത്തിവയ്കുകയോ വേണമെന്ന ആവശ്യം ഇടതുമുന്നണിയിൽ ശക്തമാകുന്നു. ബിനോയ് വിശ്വം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ മറന്ന് കൊണ്ടുള്ള വികസനം വിനാശമാണെന്നുള്ള നിലപാട് എടുത്തതോടെയാണ് കെ റെയിലിന്റെ പേരില്‍ ഇടതുമുന്നണിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് ഉറപ്പായത്.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കെ റെയില്‍ അടക്കമുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രിക്ക് ഒപ്പമാണ്. കാനം രാജേന്ദ്രന്റെ എതിര്‍ ഗ്രൂപ്പിനെ നയിക്കുന്ന ബിനോയ് വിശ്വമാകട്ടെ പരിസ്ഥിതിയെ മറന്ന് കൊണ്ടുള്ള വികസനം പാടില്ലന്ന നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നയാളുമാണ്. അത് കൊണ്ട് തന്നെ അദ്ദേഹം കെ റെയിലിനെ അനുകൂലിക്കുന്നുമില്ല.
പിണറായി വിജയനൊപ്പം കാനം രാജേന്ദ്രനും കെ റെയിലിന് അനുകൂലമായി നിന്നതോടെയാണ് സര്‍ക്കാര്‍ കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തിരുമാനിച്ചത്. പിണറായിയുടെ എല്ലാ നീക്കങ്ങള്‍ക്കും കാനം രാജേന്ദ്രന്‍ പിന്തുണ നല്‍കുന്നു എന്നും അത് സിപിഐയുടെ വ്യക്തിത്വം നശിപ്പിക്കുമെന്നും സിപിഐയിലെ പ്രമുഖ നേതാക്കള്‍ക്കിടയില്‍ വിമര്‍ശനമുണ്ടായിരുന്നു. കെ റെയിലിന്റെ കാര്യത്തില്‍ ബിനോയ് വിശ്വം അടക്കമുള്ള സിപിഐ നേതാക്കളുടെ നിലപാടിനോട് കാനം രാജേന്ദ്രന്‍ യോജിക്കേണ്ടി വരുന്ന അവസ്ഥയുണ്ടായാല്‍ കെ റെയിലിന്റെ കാര്യം അനിശ്ചിതത്വത്തിലാകും.
കാനം രാജേന്ദ്രന്‍ വിഭാഗത്തിനെതിരേ ശക്തി സംഭരിക്കുന്ന ബിനോയ വിശ്വത്തിന് തൃക്കാക്കര തോല്‍വിയും കെ റെയിലും മികച്ച ആയുധമാണ് നല്‍കിയിരിക്കുന്നത്. കെ റെയില്‍ വേണ്ടാ എന്ന് സിപിഐ തിരുമാനിച്ചാല്‍ പിന്നെ പദ്ധതി നടക്കുന്ന കാര്യം സംശയമാണ്. ഇത് പിണറായിയെയും ഭയപ്പെടുത്തുന്നുണ്ട്. സിപിഐയുടെ എതിര്‍പ്പ് കെ റെയിലിന്റെ ഭാവി തിരുമാനിക്കുമെന്നാണ് കരുതപ്പെടുന്നത്. സിപിഎമ്മില്‍ തന്നെ ഒരു വിഭാഗത്തിന് കെ റെയിലിനോട് എതിര്‍പ്പുണ്ടെങ്കിലും പിണറായിയുടെ അപ്രീതിയോര്‍ത്ത് അവരും മിണ്ടാതെ ഇരിക്കുകയാണ്.
