കെ കെ മഹേശന്റെ ആത്മഹത്യ: വെള്ളാപ്പള്ളി നടേശനെ ഇന്ന് ചോദ്യം ചെയ്യും

Update: 2020-07-03 01:01 GMT

ആലപ്പുഴ: എസ്എന്‍ഡിപി യൂനിയന്‍ കണിച്ചുകുളങ്ങര സെക്രട്ടറി കെ കെ മഹേശന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെള്ളാപ്പള്ളി നടേശനെ പോലിസ് ഇന്ന് ചോദ്യം ചെയ്യും. വെള്ളാപ്പള്ളിയുടെ സഹായി കെ എല്‍ അശോകനെ കഴിഞ്ഞ ദിവസം രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇരുവരുടെയും മൊഴി പൂര്‍ണമായും രേഖപ്പെടുത്തിയ ശേഷം മാത്രമേ ഇവര്‍ക്കെതിരേ ആതമഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ ഇന്നത്തേക്കു മാറ്റിയത്. വൈകിട്ട് നാലോടെ ചോദ്യം ചെയ്യുമെന്നാണു സൂചന.

    വെള്ളാപ്പള്ളിയുടെയും അശോകന്റെയും പേര് പരാമര്‍ശിക്കുന്ന മഹേശന്റെ ആതമഹത്യാക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവരെയും ചോദ്യം ചെയ്യാന്‍ പോലിസ് തീരുമാനിച്ചത്. എന്നാല്‍, തനിക്ക് മഹേശനുമായി ശത്രുതയില്ലായിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ അശോകന്‍ പറഞ്ഞത്. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് മാരാരിക്കുളം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം, ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നു മഹേശന്റെ കുടുംബം ആവശ്യപ്പെട്ടു.

K K Maheshan's suicide: Vellappalli Nadesan to be questioned today

Tags: