പെഹ് ലുഖാനെ തല്ലിക്കൊന്ന കേസില്‍ രണ്ട് കൗമാരക്കാര്‍ കുറ്റക്കാര്‍

പെഹ് ലു ഖാനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ആറുപേരെ കഴിഞ്ഞ ആഗസ്തില്‍ ആല്‍വാറിലെ കീഴ്‌ക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു

Update: 2020-03-07 01:10 GMT

ജയ്പൂര്‍: മധ്യപ്രദേശില്‍ പശുക്കടത്ത് ആരോപിച്ച് 55കാരനായ പെഹ് ലു ഖാനെ തല്ലിക്കൊന്ന കേസില്‍ രണ്ട് കൗമാരക്കാര്‍ കുറ്റക്കാരെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കണ്ടെത്തി. 2017ല്‍ ആല്‍വാറിലുണ്ടായ സംഭവത്തിലാണ് രണ്ട് പ്രായപൂര്‍ത്തിയാവാത്തവര്‍ കുറ്റക്കാരാണെന്ന് ബോര്‍ഡ് വ്യാഴാഴ്ച കണ്ടെത്തിയതെന്നും ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കുമെന്നും ജയ്പൂര്‍ ഐ ജി എസ് സെംഗതിര്‍ പറഞ്ഞു. പെഹ് ലു ഖാനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ആറുപേരെ കഴിഞ്ഞ ആഗസ്തില്‍ ആല്‍വാറിലെ കീഴ്‌ക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. വിപിന്‍ യാദവ്, രവീന്ദ്ര കുമാര്‍, കലുറാം, ദയാനന്ദ്, യോഗേഷ് കുമാര്‍, ഭീം രതി എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചത്.

    കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഒക്ടോബറില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പെഹ് ലു ഖാനും അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളും കുറച്ചു സഹായികളും ചേര്‍ന്ന് ജയ്പൂരില്‍ നിന്ന് പശുക്കളെ കൊണ്ടുവരുന്നതിനിടെയാണ് 2017 ഏപ്രില്‍ ഒന്നിന് ആല്‍വാറിനടുത്തുള്ള ബെഹ്‌രാറിനു സമീപം പശുസംരക്ഷകരെന്ന് അവകാശപ്പെട്ടെത്തിയ ഹിന്ദുത്വര്‍ ക്രൂരമായി ആക്രമിച്ചത്. പരിക്കേറ്റ പെഹ് ലു ഖാന്‍ ഏപ്രില്‍ മൂന്നിന് ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്.




Tags:    

Similar News