സത്യം ചൂണ്ടിക്കാണിച്ചാല്‍ ഇന്ന് ദേശദ്രോഹമാകും: ജസ്റ്റിസ് കെമാല്‍ പാഷ

ദേശസ്നേഹവും ദേശദ്രോഹവും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവരാണ് ഭരണാധികാരികളെങ്കില്‍ ഇതാണ് സ്ഥിതി. ഭരണകര്‍ത്താക്കളെ വിമര്‍ശിക്കാന്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് ഭയമാണ്.അഭിഭാഷകരും മാധ്യമങ്ങളും തമ്മിലുള്ള പ്രശ്നം തീര്‍ന്നു. ഇനി കോടതി വാര്‍ത്തകള്‍ തമസ്‌കരിക്കരുത്

Update: 2019-03-04 14:27 GMT

കൊച്ചി: സത്യം ചൂണ്ടിക്കാണിച്ചാല്‍ ഇന്ന് ദേശദ്രോഹക്കുറ്റമാകുമെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. ചവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന കേരള മീഡിയ പേഴ്സണ്‍സ് ആന്‍ഡ് റിപോര്‍ട്ടേഴ്സ് യൂനിയന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശസ്നേഹവും ദേശദ്രോഹവും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവരാണ് ഭരണാധികാരികളെങ്കില്‍ ഇതാണ് സ്ഥിതി. ഭരണകര്‍ത്താക്കളെ വിമര്‍ശിക്കാന്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് ഭയമാണ്. ജനാധിപത്യ സംവിധാനത്തില്‍ ഇന്ന് ഏറ്റവും ശക്തമാണ് മാധ്യമങ്ങള്‍. എന്നാല്‍ സത്യം ചൂണ്ടിക്കാട്ടുന്ന മാധ്യമങ്ങളെ ഭയപ്പെടുത്തുന്ന സമീപനമാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കോടതി വാര്‍ത്തകള്‍ തമസ്‌ക്കരിക്കുന്ന സമീപനം മാധ്യമങ്ങള്‍ സ്വീകരിക്കരുതെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. അഭിഭാഷകരും മാധ്യമങ്ങളും തമ്മിലുണ്ടായ പ്രശ്നങ്ങളെല്ലാം അവസാനിച്ചതാണ്. നീതി ന്യായവ്യവസ്ഥ നടപ്പാക്കിയാല്‍ മാത്രം പോര അത് ജനങ്ങള്‍ മനസിലാക്കുന്നതിന് മാധ്യമങ്ങള്‍ അനിവാര്യമാണ്. കോടതിയുടെ ശ്രദ്ധയില്‍ പ്രശ്നങ്ങള്‍ എത്തിക്കേണ്ടവരാണ് അഭിഭാഷകര്‍. അത്തരം വിവരങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നത് മാധ്യമങ്ങളില്‍ നിന്നാണ്. അതുകൊണ്ട് മാധ്യമങ്ങളും അഭിഭാഷകരും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ത്താലുകള്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യാതിരിക്കുകയാണ് ഹര്‍ത്താലുകള്‍ നിയന്ത്രിക്കാനുള്ള മാര്‍ഗമെന്ന് അദ്ദേഹം പറഞ്ഞു. കുലീനതയും മാന്യതയുമുള്ള ധാര്‍മ്മികരോഷമെന്ന നിലയിലാണ് ഗാന്ധിജി സമരമാര്‍ഗം ഉപയോഗിച്ചത്. എന്നാല്‍ ഇന്ന് അക്രമമാണ് ഹര്‍ത്താലിന്റെ പേരില്‍ നടക്കുന്നത്. അക്രമങ്ങളുടെ പിന്നില്‍ ആരെന്നറിയാതിരിക്കാന്‍ മാധ്യമങ്ങളെയും അക്രമിക്കുന്നു. വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ് ഇന്ന് നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാര്‍ത്തകള്‍ കണ്ടെത്തുകയും പുറത്തേക്ക് കൊണ്ടുവരികയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് സിറ്റി സൈബര്‍ സെല്ലിലെ വൈ.ടി. പ്രമോദും ശിശു സംരക്ഷണ നിയമങ്ങളെക്കുറിച്ച് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.ബി. സൈനയും സെമിനാര്‍ നയിച്ചു. ക്ഷേമനിധി വിതരണോദ്ഘാടനം ചവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണഞ്ചിറ നിര്‍വഹിച്ചു. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ദേശീയ പുരസ്‌കാര ജേതാവ് അഡ്വ. ഡോ. എബ്രഹാം പി. മേച്ചിങ്കരയെ ആദരിച്ചു. കെ എം ആര്‍ യു ജില്ലാ പ്രസിഡന്റ് സി.ഡി. സലിംകുമാര്‍ അധ്യക്ഷത വഹിച്ചു. കെഎംആര്‍യു സംസ്ഥാന പ്രസിഡന്റ് മനു ഭരത്, ജനറല്‍ സെക്രട്ടറി വി സെയ്ദ്, ജില്ലാ സെക്രട്ടറി ജോ ജോഹര്‍, വൈസ് പ്രസിഡന്റ് ജോസഫ് മാര്‍ട്ടിന്‍, സംസ്ഥാന മീഡിയ കണ്‍വീനര്‍ രഗീഷ് രാജ, ജില്ല ട്രഷറര്‍ പി വിഷ്ണു പ്രസാദ്, വിവിധ തൊഴിലാളി സംഘടന പ്രതിനിധികളായ കെ കെ ഇബ്രാഹിംകുട്ടി, കെ എന്‍ ഗോപി, രഘുനാഥ് പനവേലി, പ്രേംചന്ദ് കാട്ടാക്കട, ടി പി. ആനന്ദന്‍ പങ്കെടുത്തു.  

Tags:    

Similar News