രാജ്യദ്രോഹ നിയമങ്ങൾ മർദ്ദനോപകരണങ്ങളായി മാറുന്നു, അഭിപ്രായ സ്വാതന്ത്ര്യം അടിച്ചൊതുക്കുന്നു: ജസ്റ്റിസ് ലോകുർ
അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന ഏറ്റവും മോശം രീതിയാണ് വ്യക്തികൾക്കുമേൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെയും രാജ്യദ്രോഹത്തെയും കൃത്യമായി വേർതിരിച്ചു കാണേണ്ടത് സുപ്രധാനമാണ്
ന്യൂഡൽഹി: സർക്കാർ സംവിധാനങ്ങളും പോലിസും നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതിലൂടെ ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യം അങ്ങേയറ്റം അക്രമങ്ങൾക്ക് വിധേയമാകുകയാണെന്നും, ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശങ്ങൾ അതുവഴി ഇല്ലാതാക്കപ്പെടുകയാണെന്നും സുപ്രിംകോടതി മുൻ ജഡ്‌ജി മദൻ ബി ലോകുർ. കാര്യങ്ങൾ തുറന്നുപറയാൻ ധൈര്യപ്പെടുന്നവരുടെ സ്വാതന്ത്ര്യം ഹനിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഇന്ത്യയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന ഏറ്റവും മോശം രീതിയാണ് വ്യക്തികൾക്കുമേൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെയും രാജ്യദ്രോഹത്തെയും കൃത്യമായി വേർതിരിച്ചു കാണേണ്ടത് സുപ്രധാനമാണെന്നും എന്നാൽ നിലവിൽ ഈ വേർതിരിവ് ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും ലോകുർ അഭിപ്രായപ്പെട്ടു.
1962ൽ തന്നെ സുപ്രിംകോടതി രാജ്യദ്രോഹ നിയമം വ്യക്തമായി വിശദമാക്കിയിട്ടുള്ളതാണെന്നും എന്നിട്ടും ഈ നിയമത്തെ മർദ്ദനോപകരണം ആക്കിമാറ്റാൻ നിരവധി മാർഗങ്ങൾ അധികാരികൾ കണ്ടെത്തുകയാണെന്നും ജസ്റ്റിസ് ലോകുർ കൂട്ടിച്ചേർത്തു. ഡൽഹിയിൽ ബിജി വർഗീസ് സ്‌മാരക പ്രഭാഷണം നടത്തുകയിരുന്നു അദ്ദേഹം.
സമൂഹത്തിൽ കലാപത്തിനു കാരണമാകാത്തിടത്തോളവും നിയമവാഴ്ചക്ക് വിഘാതമാകാത്തിടത്തോളവും ഒരു പൗരന് സർക്കാരുകൾക്ക് എതിരേ എന്ത് അഭിപ്രായവും പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും സുപ്രിംകോടതി വിധിയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ഡോക്ടർ കഫീൽ ഖാനെതിരായ നിയനടപടികളെ "എതിർ ശബ്ദങ്ങൾ ഇല്ലാതാക്കാനുള്ള പുത്തൻ മാർഗങ്ങൾ" എന്നാണ് ലോകുർ വിശേഷിപ്പിച്ചത്. കഫീൽ ഖാനെ കരുതൽ തടങ്കലിലെടുക്കുക വഴി "നിയമം അനുശാസിക്കുന്ന എല്ലാ നടപടിക്രമങ്ങളും പോലിസ് ലംഘിക്കുകയായിരുന്നു" എന്നും ലോകുർ അഭിപ്രായപ്പെട്ടു.
ഹാഥ്റസ് കൊലപാതകവുമായി ബന്ധപ്പെട്ട് പ്രദേശത്ത് നിന്നും മാധ്യമങ്ങളെ വിലക്കിയതിനെ ജസ്റ്റിസ് ലോകുർ വിമർശിച്ചു. സിആർപിസി സെക്ഷൻ 144 വളച്ചൊടിച്ചും ദുരുപയോഗം ചെയ്‌തും മാധ്യമങ്ങളെ വിലക്കിയത് നിയമ വ്യവസ്ഥകളുടെ പ്രകടമായ ലംഘനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
