ജസ്റ്റിസ് കര്‍ണനെ അറസ്റ്റ് ചെയ്തു; നടപടി ജഡ്ജിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരായ പരാമര്‍ശങ്ങളില്‍

ഹൈക്കോടതിയിലേയും ജഡ്ജിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ അഴിമതിയും ലൈംഗികാരോപണങ്ങളും ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്

Update: 2020-12-02 13:07 GMT

ചെന്നൈ: സുപ്രിംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ അഴിമതിയും ലൈംഗികാരോപണങ്ങളും ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് സിഎസ് കര്‍ണനെ ചെന്നൈ പോലിസ് അറസ്റ്റ് ചെയ്തു. മോശം പരാമര്‍ശങ്ങളുള്ള വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് നടപടി.

ഈ വീഡിയോകള്‍ നീക്കം ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. അഭിഭാഷകയായ എസ് ദേവികയുടെ പരാതിയിലാണ് നടപടി. ജഡ്ജിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ അഴിമതിയും ലൈംഗിക ആരോപണങ്ങളും ഉന്നയിക്കുന്ന വീഡിയോകള്‍ പുറത്തുവന്നതോടെ ചെന്നൈ സിറ്റി സൈബര്‍ പോലിസ് ജസ്റ്റിസ് കര്‍ണനെതിരേ കേസെടുത്തിരുന്നു.

ഇതിലെ പരാമര്‍ശങ്ങള്‍ അത്യന്തം അപകീര്‍ത്തികരമാണെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനാപരമായി ഉയര്‍ന്ന പദവി വഹിച്ചയാളില്‍ നിന്ന് ഇത്തരം നടപടികളുണ്ടാകുന്നത്‌ നിര്‍ഭാഗ്യകരമാണ്. വനിതാ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമെതിരായ മോശം പരാമര്‍ശങ്ങള്‍ ഗൗരവത്തോടെ കാണുന്നുവെന്നും കോടതി പറഞ്ഞു. കേസ് ഡിസംബര്‍ 6 ന് വീണ്ടും പരിഗണിക്കും. വിവാദ വീഡിയോകള്‍ നീക്കം ചെയ്ത് ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെ സഹജഡ്ജിമാരില്‍ നിന്ന് ജാതിവിവേചനം നേരിടേണ്ടി വന്നതായി കര്‍ണന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മറ്റ് ജഡ്ജിമാരുടെ പരാതിയില്‍ അദ്ദേഹത്തെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. ഇതേ തുടര്‍ന്ന് അന്നത്തെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍ അടക്കം 8 ജഡ്ജിമാര്‍ക്ക് എതിരെ ജസ്റ്റിസ് കര്‍ണന്‍ സ്വമേധയാ കേസെടുത്ത് അഞ്ചുവര്‍ഷം കഠിനതടവ് വിധിച്ചു. ഇതിന് പിന്നാലെ സുപ്രിംകോടതി കര്‍ണനെതിരെ കോടതി അലക്ഷ്യത്തിന് കേസെടുത്ത് ആറുമാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. തുടര്‍ന്ന് 2017 ഡിസംബറിലാണ് അദ്ദേഹം ജയില്‍ മോചിതനായത്.