സിദ്ദീഖ് കാപ്പന് നീതി തേടി യൂത്ത് ലീഗ് ദേശീയ പ്രക്ഷോഭം തുടങ്ങി

സിദ്ദീഖ് കാപ്പന് നീതി ഉറപ്പുവരുത്താന്‍ ഭരണകൂടം മുന്നോട്ടു വരണമെന്നും കാപ്പന് നീതി ലഭിക്കും വരെ മുസ് ലിം യൂത്ത് ലീഗ് ഒപ്പമുണ്ടാവുമെന്നും സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

Update: 2021-04-26 09:03 GMT

മലപ്പുറം: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് നീതി തേടി മുസ് ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി നടത്തുന്ന ദേശീയ പ്രക്ഷോഭം തുടങ്ങി. പ്രക്ഷോഭത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി സിദ്ദീഖ് കാപ്പന്റെ വേങ്ങരയിലെ വീട്ടിലെത്തി ദേശീയ-സംസ്ഥാന-ജില്ലാ ഭാരവാഹികള്‍ ഭാര്യ റൈഹാനത്തിനെയും മക്കളെയും കണ്ട് എല്ലാവിധ പിന്തുണയും അറിയിച്ചു. സിദ്ദീഖ് കാപ്പന് നീതി ഉറപ്പുവരുത്താന്‍ ഭരണകൂടം മുന്നോട്ടു വരണമെന്നും കാപ്പന് നീതി ലഭിക്കും വരെ മുസ് ലിം യൂത്ത് ലീഗ് ഒപ്പമുണ്ടാവുമെന്നും സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അറിയിച്ചു. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. വി കെ ഫൈസല്‍ ബാബു, വൈസ് പ്രസിഡന്റ് പാണക്കാട് മുഈന്‍ അലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

    ഉത്തര്‍പ്രദേശ് മഥുര ജയിലിലും ആശുപത്രിയിലും കൊവിഡ് രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയാണ് ദേശവ്യാപകമായി 'പ്രൊട്ടസ്റ്റ് വാള്‍' തീര്‍ക്കുന്നത്. ഹാഥ്‌റസ് കൂട്ടബലാല്‍സംഗക്കൊല റിപോര്‍ട്ട് ചെയ്യാല്‍ പോവുന്നതിനിടെയാണ് യു പി പോലിസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്. ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിനെതിരേ രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതിഷേധിക്കണമെന്ന് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അന്‍സാരി ആഹ്വാനം ചെയ്തു.   


സിദ്ദീഖ് കാപ്പന് മികച്ച ചികില്‍സ ലഭ്യമാക്കുക, ജാമ്യം അനുവദിക്കുക, യുഎപിഎ പുന:പരിശോധിക്കുക എന്നീ ആവശ്യളുന്നയിച്ച് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് വീട്ടുമുറ്റങ്ങളിലാണ് പ്രതിഷേധ മതില്‍ തീര്‍ക്കുന്നത്. വീടീന്റെ മതിലില്‍ രാവിലെ പോസ്റ്ററുകള്‍ പതിച്ച് കുടുംബസമേതം പ്രതിഷേധ പോസ്റ്ററുകള്‍ കൈയിലേന്തി ചിത്രങ്ങളെടുത്ത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. കേരളം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കുടുംബ സമേതം പ്രതിക്ഷേധത്തില്‍ അണിനിരക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. വി കെ ഫൈസല്‍ ബാബു അറിയിച്ചു.

justice for Siddique Kappan: Youth League launches national campaign

Tags: