പ്രതികാരത്തിലൂടെയല്ല നീതി നടപ്പാക്കേണ്ടത്; തെലങ്കാന ഏറ്റുമുട്ടല്‍ കൊലയ്ക്കു പിന്നാലെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ
ന്യൂഡല്‍ഹി: യുവ വെറ്ററിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത ശേഷം ചുട്ടുകൊന്ന കേസിലെ പ്രതികളെ പോലിസ് വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ വാദപ്രതിവാദങ്ങള്‍ മുറുകുന്നതിനിടെ പ്രതികരണവുമായി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ രംഗത്ത്. നീതിയെന്നത് പൊടുന്നനെ ലഭിക്കുന്ന ഒന്നാണെന്ന് കരുതുന്നില്ലെന്നും പ്രതികാരത്തിലൂടെയല്ല നീതി നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രതികാരത്തിലൂടെ നീതി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ സ്വഭാവം നഷ്ടപ്പെട്ടുപോവുമെന്നും അദ്ദേഹം രാജസ്ഥാനിലെ പുതിയ ഹൈക്കോടതി കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനിടെ പറഞ്ഞു. വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പിനായി കൊണ്ടുപോയപ്പോള്‍ പോലിസിനെ ആക്രമിച്ചതിനെ തുടര്‍ന്ന് വെടിയുതിര്‍ത്തപ്പോഴാണ് നാലു പ്രതികളും കൊല്ലപ്പെട്ടതെന്നാണ് പോലിസ് വിശദീകരണം. ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെയാണു പോലിസ് വെടിവച്ചുകൊലപ്പെടുത്തിയത്.