ജുമുഅ സമയത്തെ പരീക്ഷ മാറ്റി; പുതിയ സമയക്രമം പുറത്തിറക്കി സര്‍ക്കാര്‍

Update: 2022-12-09 11:29 GMT

തിരുവനന്തപുരം: എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ സമയവുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നാലെ ടൈംടേബിള്‍ മാറ്റി വിദ്യാഭ്യാസ വകുപ്പ്. ജുമുഅ സമയത്ത് പരീക്ഷ നടത്തുന്നത് വ്യാപക വിമര്‍ശനത്തിനിടയാക്കിയതോടെയാണ് പരീക്ഷാ സമയത്തില്‍ മാറ്റം വരുത്തി പുതിയ ടൈംടേബിള്‍ പുറത്തിറക്കിയത്.

ഒന്‍പതാം ക്ലാസിന്റെ ഇംഗ്ലീഷ്, എട്ടാം ക്ലാസിലെ കലാകായിക പ്രവൃത്തിപരിചയം എന്നീ പരീക്ഷകളാണ് 16ന് വെള്ളിയാഴ്ച 12.45വരെ നടത്താനിരുന്നത്. പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഒന്‍പതാം ക്ലാസിന് 16ന് പരീക്ഷയില്ല. എട്ടാം ക്ലാസിന്റെ കലാകായിക പ്രവൃത്തിപരിചയ പരീക്ഷയുടെ സമയം അര മണിക്കൂര്‍ നേരത്തെയാക്കി. രാവിലെ 10 മുതല്‍ ഉച്ചയ്ക്കു 12.45വരെ നടക്കേണ്ടിയിരുന്ന പരീക്ഷ പുതിയ ടൈംടേബിള്‍ പ്രകാരം രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.15വരെയാണ്.

പലതവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വെള്ളിയാഴ്ച ജുമുഅ സമയത്ത് പരീക്ഷ നടത്തുന്നത് സര്‍ക്കാരും സര്‍വകലാശാലകളും തുടരുകയാണെന്ന ആക്ഷേപം ശക്തമാണ്. പരീക്ഷാ സമയം തീരുമാനിക്കുമ്പോള്‍ സര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കുന്നില്ലെന്ന ആരോപണവുമുയര്‍ന്നിരുന്നു.

16ന് നടത്താനിരുന്ന ഒന്‍പതാം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷ 21ന് നടക്കും. ഉച്ചയ്ക്ക് 1.30 മുതല്‍ 4.15വരെയാണ് പരീക്ഷ. അന്നു രാവിലെ 10 മുതല്‍ 11.45വരെ ഒന്‍പതാം ക്ലാസിന് ബയോളജി പരീക്ഷയും നടക്കുന്നുണ്ട്. നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം 22ന് തന്നെ പരീക്ഷകള്‍ തീരുന്ന രീതിയിലാണ് പുതിയ ടൈംടേബിളും പുറത്തിറക്കിയിരിക്കുന്നത്.