ഗ്യാന്‍വാപി മസ്ജിദില്‍ പൂജയ്ക്ക് അനുമതി നല്‍കിയ ജഡ്ജിയെ ലോക്പാലായി നിയമിച്ചു

Update: 2024-02-29 12:28 GMT

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് പൂജയ്ക്ക് അനുമതി നല്‍കിയ ജഡ്ജി എ കെ വിശ്വേശ്വയെ ലോക്പാലായി നിയമിച്ചു. ലഖ്‌നോവിലെ ഡോ. ശകുന്തള മിശ്ര നാഷനല്‍ റീഹാബിലിറ്റേഷന്‍ സര്‍വകലാശാലയിലാണ് നിയമനം. വാരാണസി ജില്ലാ കോടതി ജഡ്ജിയായ എ കെ വിരമിക്കുന്ന ദിവസമാണ് പള്ളിയുടെ നിലവറയില്‍ പൂജ നടത്താന്‍ ഹിന്ദുക്കള്‍ക്ക് അനുമതി നല്‍കി ഉത്തരവിട്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെയര്‍മാനായ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സര്‍വകലാശാലയില്‍ മൂന്ന് വര്‍ഷത്തേക്കാണ് പുതിയ നിയമനം. അതേസമയം, എ കെ വിശ്വേശ്വയെ നിയമിച്ചത് യുജിസി ചട്ടങ്ങള്‍ക്ക് അനുസരിച്ചാണന്നും വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ഉള്‍പ്പെടെ തീര്‍പ്പാക്കലാണ് ചുമതലയെന്നും സര്‍വകലാശാല അസി. രജിസ്ട്രാര്‍ ബ്രിജേന്ദ്ര സിങ് പറഞ്ഞു. പള്ളി നിലവറയില്‍ ആരാധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 25ന് ശൈലേന്ദ്രകുമാര്‍ പഥക് വ്യാസ് നല്‍കിയ ഹരജിയിലാണ് പൂജ നടത്താന്‍ അനുമതി നല്‍കിയത്. അനുമതി ലഭിച്ച് മണിക്കൂറുകള്‍ക്കകം അര്‍ധരാത്രിയില്‍ മസ്ജിദിന്റെ തെക്കേ ഭാഗത്തുള്ള നിലവറയില്‍ പൂജ തുടങ്ങുകയും ചെയ്തു. നേരത്തേ ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ 32 പ്രതികളെയും വെറുതെവിട്ട് ഏഴ് മാസത്തിനുള്ളില്‍, വിരമിച്ച ജില്ലാ ജഡ്ജി എസ് കെ യാദവിനെയും യോഗി സര്‍ക്കാര്‍ ഉത്തര്‍പ്രദേശിലെ ഡെപ്യൂട്ടി ലോകായുക്തയായി നിയമിച്ചിരുന്നു.

Tags:    

Similar News