യുപിയില്‍ മാധ്യമ പ്രവര്‍ത്തകനെയും സുഹൃത്തിനെയും വീട്ടില്‍ പൂട്ടിയിട്ട് തീകൊളുത്തി കൊന്നു

Update: 2020-11-28 11:10 GMT

ലക്‌നോ: ഉത്തര്‍പ്രദേശിലെ ബല്‍റാംപുരില്‍ മാധ്യമപ്രവര്‍ത്തകനേയും സുഹൃത്തിനേയും വീട്ടിനുള്ളില്‍ പൂട്ടിയിട്ട് തീകൊളുത്തി കൊന്നു. ഹിന്ദി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ രാകേഷ് സിങ്, സുഹൃത്ത് പിന്റു സാഹു എന്നിവരെയാണ് അതിഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.

അക്രമികള്‍ ഇരുവരെയും മുറിയില്‍ പൂട്ടിയിട്ട് തീകൊളുത്തിയ ശേഷം രക്ഷപ്പെട്ടെന്നാണ് പോലിസ് പറയുന്നത് .സംഭവം കൊലപാതകമാണെന്നാണ് പോലിസിന്റെ സംശയം. സംഭവ ദിവസം രാത്രി 11.30 ഓടെ മുഖംമൂടി ധരിച്ചവര്‍ രാകേഷിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയതായാണ് റിപോര്‍ട്ട്. ആദ്യം രാകേഷി മര്‍ദ്ദിക്കുകയും പിന്നീട് അവന്റെ വീടിന് തീയിടുകയും ചെയ്തു. സംഭവ സമയത്ത് ഭാര്യയും രണ്ട് പെണ്‍മക്കളും അദ്ദേഹത്തിന്റെ മരുമകന്റെ വീട്ടില്‍ പോയിരുന്നു.

വീട്ടിലെ മറ്റിടങ്ങളിലൊന്നും തീ പിടിച്ചതിന്റെ ലക്ഷണങ്ങളില്ല. ഫൊറന്‍സിക് വിദഗ്ധരും ഉന്നത പോലിസ് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. ഇരുവരെയും ലക്‌നോവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബല്‍റാംപുര്‍ കാല്‍വരി ഗ്രാമത്തിലെ രാകേഷ് സിങ്ങിന്റെ വീട്ടില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിലെ ഒരു മുറിക്കുള്ളിലാണ് ഇരുവരെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. പുറത്തു നിന്ന് പൂട്ടിയിട്ട മുറിയിലാകെ തീ പടര്‍ന്നുപിടിച്ചിരുന്നു.

കുറച്ചു കാലമായി രാകേഷിന് നേരെ നിരന്തരം ആക്രമണം നടന്നിരുന്നതായി ഇന്ത്യന്‍ ഫെഡറേഷന്‍ ഫോര്‍ വര്‍ക്കിങേ ജേണലിസ്റ്റുകളുടെ വൈസ് പ്രസിഡന്റ് കൂടിയായ തിവാരി പറഞ്ഞു. പരാതിമേല്‍ പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിരുന്നില്ല. ജീവിതത്തെക്കുറിച്ചും അദ്ദേഹം ഭയം പ്രകടിപ്പിച്ചിരുന്നു. സര്‍ക്കാര്‍ കുറ്റവാളികളെ ഒറ്റയടിക്ക് അറസ്റ്റ് ചെയ്യുകയും ദേശീയ സുരക്ഷാ നിയമപ്രകാരം കുറ്റം ചുമത്തുകയും വേണമെന്ന് തിവാരി ആവശ്യപെട്ടു. അതേസമയം മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഭാര്യക്ക് ജോലി നല്‍കണമെന്നും സമിതി ആവശ്യപ്പെട്ടു.