ജോര്‍ദാനില്‍ വിഷവാതക ദുരന്തം; 10 മരണം, 250 ലധികം പേര്‍ ആശുപത്രിയില്‍ (വീഡിയോ)

Update: 2022-06-27 19:05 GMT

അമ്മാന്‍: ജോര്‍ദാനിലെ അഖാബ തുറമുഖത്തുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ പത്തുപേര്‍ മരിക്കുകയും 250 ലധികം പേരെ വിഷവാതകം ശ്വസിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വിഷവാതകം നിറച്ച ടാങ്ക് നീക്കിയപ്പോള്‍ നിലത്ത് വീണ് തകരുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപോര്‍ട്ടുകള്‍. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്ലോറിന്‍ വാതകമാണ് ചോര്‍ന്നതെന്നാണ് ആദ്യനിഗമനം. നഗരത്തിലെ ആശുപത്രികള്‍ നിറഞ്ഞതിനാല്‍ താല്‍ക്കാലിക ആശുപത്രി തുറന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ജോര്‍ദാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയശേഷം അധികൃതര്‍ പ്രദേശം അടച്ചുപൂട്ടിയതായും വാതക ചോര്‍ച്ച കൈകാര്യം ചെയ്യാന്‍ വിദഗ്ധരെ അയച്ചതായും ഡയറക്ടറേറ്റ് അറിയിച്ചു. ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്നും ജനലുകളും വാതിലുകളും അടയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ജോര്‍ദാനിലെ ഏക തുറമുഖമാണ് അഖാബ. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സ്‌റ്റേറ്റ് ടെലിവിഷന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിഷവാതകം നിറച്ച ടാങ്ക് നീക്കുമ്പോള്‍ താഴെ വീഴുന്നതും തുടര്‍ന്ന് മഞ്ഞനിറത്തിലുള്ള വാതകം വായുവിലേക്ക് ഉയരുന്നതും ദൃശ്യങ്ങളില്‍ കാണാം. ലിക്വിഡ് ക്ലോറിന്‍ എന്ന പദാര്‍ഥം നിറച്ച ടാങ്ക് വീണതിനെ തുടര്‍ന്നാണ് ചോര്‍ച്ചയുണ്ടായതെന്ന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് വക്താവ് അമേര്‍ അല്‍ സര്‍താവി പറഞ്ഞു. ചോര്‍ച്ച നിയന്ത്രണവിധേയമാക്കുന്നതിന് മുമ്പ് അക്കാബ ഗവര്‍ണറേറ്റിലെ തെക്കന്‍ ബീച്ച് ഒഴിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. സ്‌പെഷ്യലിസ്റ്റുകള്‍ അപകടം നേരിടാനുള്ള സംവിധാനങ്ങളൊരുക്കി. ഇബാ നഗരത്തിലെ പ്രിന്‍സ് ഹാഷിം മിലിട്ടറി ആശുപത്രിയിലേക്കും ഇസ്‌ലാമിക് ഹോസ്പിറ്റലിലേക്കും ആളുകളെ മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരുടെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ജോര്‍ദാന്‍ സോഷ്യല്‍ സെക്യൂരിറ്റി കോര്‍പറേഷന്‍ അറിയിച്ചു.

Tags:    

Similar News