നടന്‍ ജോജു ജോര്‍ജിന്റെ പരാതി: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി
കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ജോജുവിനെ ദേഹാപദ്രവം ഏല്‍പ്പിച്ചതും അസഭ്യവര്‍ഷം നടത്തിയ കുറ്റവും കോടതി റദ്ദാക്കി. കേസ് തുടരാന്‍ താല്‍പര്യമില്ലന്നും കേസ് റദ്ദാക്കുന്നതില്‍ എതിര്‍പ്പില്ലെന്നും വ്യക്തമാക്കി ജോജു സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ദേഹാപദ്രവം ഏല്‍പ്പിച്ചതിന്റെ പേരില്‍ ചുമത്തിയ കുറ്റം കോടതി റദ്ദാക്കിയത്. എന്നാല്‍ വ്യക്തിപരമായ പരാതി പിന്‍വലിച്ചാലും പൊതുജനത്തിനെതിരായ കുറ്റകൃത്യം റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായി ടോണി ചമ്മണിയാണ് കോടതിയെ സമീപിച്ചത്.
ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് കൊച്ചി വൈറ്റിലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിലാണ് ജോജു ജോര്‍ജിനെതിരെ കയ്യേറ്റ ശ്രമം ഉണ്ടായത്. യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്റെ വാഹനം തടയുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ജോജുവിന്റെ റേഞ്ച് റോവറന്റെ പുറകിലെ ചില്ല് ഇതിനിടെ പ്രതിഷേധക്കാര്‍ തകര്‍ത്തു. ഇതിന്റെ പേരില്‍ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. വാഹനം തല്ലിത്തകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയില്‍ എട്ട് പേര്‍ക്കെതിരെയും വഴി തടയല്‍ സമരവുമായി ബന്ധപ്പെട്ട് 30 പേര്‍ക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്. ഇതില്‍ വാഹനം തല്ലിത്തകര്‍ത്തതിന് എതിരെയും ആക്രമിക്കാന്‍ ശ്രമിച്ചതിന് എതിരെയും എടുത്ത കേസുകളാണ് റദ്ദാക്കിയത്. എന്നാല്‍ പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന് എതിരെ എടുത്ത് കേസ് റദ്ദാക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തിട്ടുള്ളത്.
