ക്രൈസ്തവ മെത്രാന്‍മാരുടെ ആര്‍എസ്എസ് ബാന്ധവത്തിനെതിരേ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

Update: 2021-03-06 01:13 GMT

കൊച്ചി: സഭാ ഭേദമന്യേ ക്രൈസ്തവ മെത്രാന്‍മാരുടെ ആര്‍എസ്എസ് ബാന്ധവത്തിനെതിരേ പ്രചാരണം നടത്താന്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ കേന്ദ്രസമിതിയോഗത്തില്‍ തീരുമാനം. മതരാഷ്ട്രവാദം ഉയര്‍ത്തി ആര്‍എസ്എസും ഇതര സംഘപരിവാരങ്ങളും ക്രൈസ്തവ ഉന്‍മൂലന പരിപാടികളുമായി രാജ്യ വ്യാപകമായി മുന്നോട്ടുപോവുമ്പോള്‍ കേരളത്തിലെ ക്രൈസ്തവ മെത്രാന്മാര്‍ സഭാ ഭേദമന്യേ ആര്‍എസ്എസ് പാളയങ്ങളിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നത് വിശ്വാസികളില്‍നിന്നും ശക്തമായ തിരിച്ചടിക്ക് അവസരമുണ്ടാക്കുമെന്ന് കൊച്ചിയില്‍ ചേര്‍ന്ന അടിയന്തര കേന്ദ്രസമിതിയോഗം മുന്നറിയിപ്പ് നല്‍കി.

    കുരിശ് ധരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളെല്ലാം നിഷേധിക്കുമെന്ന മൈസൂര്‍ കൊഡാഗു എംപി പ്രതാപ് സിംഹയുടെ പ്രസ്താവന പോലും കണ്ടില്ലെന്നു നടിക്കുന്ന ക്രൈസ്തവ മത മേലധ്യക്ഷന്‍മാര്‍ തങ്ങള്‍ സമ്പാദിച്ചുകൂട്ടിയിരിക്കുന്ന പരിധിയില്ലാത്ത സമ്പത്തിലും വിദേശങ്ങളില്‍നിന്നു വന്നുകൊണ്ടിരിക്കുന്ന കോടിക്കണക്കിനു സാമ്പത്തിക സഹായങ്ങളിലും പിടിവീഴാതിരിക്കുന്നതിന് സ്വന്തം സമുദായാംഗങ്ങളെ വര്‍ഗ ശത്രുക്കള്‍ക്ക് പണയപ്പെടുത്തുകയാണ്. പിന്നാമ്പുറത്ത് വിലപേശി കരാറുറപ്പിച്ച് സമുദായാംഗങ്ങളെ സംഘപരിവാര്‍ പാളയത്തിലെത്തിക്കാനുള്ള ക്രൈസ്തവ മെത്രാന്മാരുടെ വഞ്ചനാപരമായ നീക്കം ശക്തമായ ചെറുത്തുനില്‍പ്പിന് വിധേയമാവും.

    രാജ്യമെമ്പാടും പൊളിച്ചു മാറ്റപ്പെട്ട ദേവാലയങ്ങളും ചുട്ടെരിക്കപ്പെട്ട ഗ്രഹാം സ്‌റ്റെയ്ന്‍സിനെപ്പോലുള്ള മിഷനറിമാരെയും അകാരണമായി തുറുങ്കിലടക്കപ്പെട്ട സ്റ്റാന്‍ സ്വാമിയെ പോലുള്ളവരെയുമൊക്കെ മനപൂര്‍വം മറന്ന് വര്‍ഗശത്രുക്കള്‍ക്ക് ഓശാനപാടുന്ന മതമേലധ്യക്ഷന്‍മാരുടെ കച്ചവടക്കണ്ണ് പൊതുസമൂഹത്തിനു മുന്നില്‍ തുറന്നു കാണിക്കാന്‍ പ്രചാരണ പരിപാടികള്‍ ആരംഭിക്കാനും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ തീരുമാനിച്ചു.

Joint Christian Council against the RSS affiliation of Christian bishops

Tags:    

Similar News