രാമ നവമിക്ക് മാംസാഹാരം അനുവദിക്കില്ലെന്ന് ഹിന്ദുത്വര്‍; ജെഎന്‍യുവില്‍ എബിവിപി -ഇടത് സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് പരിക്ക്

രാമ നവമി ആയതിനാല്‍ മെസ്സുകളില്‍ മാംസാഹാരം കഴിക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് എബിവിപി പ്രവര്‍ത്തകര്‍ രംഗത്തുവരികയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

Update: 2022-04-10 16:28 GMT

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ എബിവിപി ഇടത് വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പെണ്‍കുട്ടികള്‍ അടക്കം നാലുപേര്‍ക്ക് പരിക്ക്. മാംസാഹാരം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രാമ നവമി ആയതിനാല്‍ മെസ്സുകളില്‍ മാംസാഹാരം കഴിക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് എബിവിപി പ്രവര്‍ത്തകര്‍ രംഗത്തുവരികയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

കാവേരി ഹോസ്റ്റലിലെ മെസ്സ് സെക്രട്ടറിയെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി ഇടത് വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കാവേരി ഹോസ്റ്റലില്‍ രാമ നവമി പൂജ നടത്താന്‍ ഇടത് സംഘടനകള്‍ അനുവദിക്കുന്നില്ലെന്ന് എബിവിപി ആരോപിച്ചു. അതേസമയം, മാംസാഹാരം കഴിക്കുന്നതിന് ഹോസ്റ്റലുകളില്‍ നിരോധനമില്ലെന്നാണ് യൂനിവേഴ്‌സിറ്റി അധികൃതര്‍ പറയുന്നത്.

സംഭവത്തില്‍ ജെഎന്‍യു ഭരണകൂടത്തിനും ലോക്കല്‍ പോലിസിനും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സര്‍വ്വകലാശാലാ ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എബിവിപി തങ്ങളുടെ വിദ്വേഷ രാഷ്ട്രീയവും വിഭജന അജണ്ടയും പ്രദര്‍ശിപ്പിക്കുകയാണെന്നും കാവേരി ഹോസ്റ്റലില്‍ ഇന്ന് അക്രമാസക്തമായ അന്തരീക്ഷം സൃഷ്ടിച്ചെന്നും ഇടതു പക്ഷ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഡിന്നര്‍ മെനു മാറ്റാനും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പൊതുവായുള്ള നോണ്‍ വെജിറ്റേറിയന്‍ ഇനങ്ങള്‍ ഒഴിവാക്കാനും അവര്‍ മെസ് കമ്മിറ്റിയെ നിര്‍ബന്ധിച്ചെന്നും ഇടതുപക്ഷം ചൂണ്ടിക്കാട്ടി.

മെനുവില്‍ വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ഉണ്ട്, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാന്‍ അനുവാദമുണ്ട്. ജെഎന്‍യുവും അതിലെ ഹോസ്റ്റലുകളും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സ്ഥലങ്ങളാണെന്നും ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് വേണ്ടിയുള്ളതല്ലെന്നും ഇടതുപക്ഷ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വ്യത്യസ്ത ശാരീരിക, സാമൂഹിക, സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ഭക്ഷണ മുന്‍ഗണനകളുണ്ട്, അത് ബഹുമാനിക്കപ്പെടേണ്ടതാണ്.

എബിവിപിയുടെ ഈ പ്രവൃത്തി അവരുടെ ഒഴിവാക്കല്‍ രാഷ്ട്രീയത്തെയും ജെഎന്‍യു പോലുള്ള ജനാധിപത്യ, മതേതര സ്ഥലങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള വലതുപക്ഷ ഹിന്ദുത്വ നയങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ഇടതുപക്ഷം ആരോപിച്ചു.ഇത്തരം ഭിന്നിപ്പുണ്ടാക്കുന്ന നീക്കങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ വശംവദരാകില്ലെന്നും കാംപസിന്റെ ഉള്‍ച്ചേരലിന് ഭീഷണിയാകുന്ന ഇത്തരം ആവര്‍ത്തിച്ചുള്ള സംഭവങ്ങള്‍ക്കെതിരെ ഞങ്ങള്‍ പോരാടുന്നത് തുടരുമെന്നും അത് അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags: