കശ്മീരിന്റെ പ്രത്യേക പദവി തിരികെ നൽകുക; കശ്മീരിൽ ബിജെപി ഒഴികെ ആറ് രാഷ്ട്രീയ പാർട്ടികൾ സഖ്യം പ്രഖ്യാപിച്ചു

ഞങ്ങളുടെ യുദ്ധം ഒരു ഭരണഘടനാ യുദ്ധമാണ്, 2019 ആ​ഗസ്ത് 5 ന് മുമ്പ് ഉണ്ടായിരുന്ന കശ്മീരികളുടെ അവകാശം തിരികെ നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണ്

Update: 2020-10-15 14:28 GMT

ശ്രീന​ഗർ: കശ്മീരിന്റെ പ്രത്യേക പദവി തിരികെ നൽകുകയെന്ന പൊതു മുദ്രാവാക്യം ഉയർത്തി കശ്മീരിൽ ബിജെപി ഒഴികെ ആറ് രാഷ്ട്രീയ പാർട്ടികൾ സഖ്യം പ്രഖ്യാപിച്ചു. നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയുടെ വസതിയിലാണ് യോ​ഗം ചേർന്നത്. പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയും യോ​ഗത്തിൽ പങ്കെടുത്തു.

"ഗുപ്കർ പ്രഖ്യാപനത്തിനായുള്ള പീപിൾസ് അലയൻസ് എന്നാണ് ഞങ്ങൾ ഈ സഖ്യത്തിന് പേരിട്ടത്," യോഗത്തിന് ശേഷം അബ്ദുല്ല പറഞ്ഞു. ഞങ്ങളുടെ യുദ്ധം ഒരു ഭരണഘടനാ യുദ്ധമാണ്, 2019 ആ​ഗസ്ത് 5 ന് മുമ്പ് ഉണ്ടായിരുന്ന കശ്മീരികളുടെ അവകാശം തിരികെ നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഗുപ്കർ പ്രഖ്യാപന പ്രകാരം, ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി സംരക്ഷിക്കാനും അത് ദുർബലപ്പെടുത്താനുള്ള ഏതൊരു നീക്കത്തിനും എതിരെ പോരാടാനും പ്രാദേശിക പാർട്ടികളും കോൺഗ്രസും തീരുമാനിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം കശ്മീരിന്റെ അവസ്ഥയിൽ മാറ്റം വരുത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരേ ഐക്യത്തോടെ പോരാടുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

ആർട്ടിക്കിൾ 370 റദ്ദ് ചെയ്തുകൊണ്ട് സംസ്ഥാനത്തിന്റെ പ്രത്യേക പദവി നിർത്തലാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം മൂലമുണ്ടായ അപമാനം കശ്മീരിലെ നേതാക്കളും ജനങ്ങളും ഒരിക്കലും മറക്കില്ലെന്ന് മുഫ്തി പറഞ്ഞിരുന്നു. കേന്ദ്ര സർക്കാർ കശ്മീരികളിൽ നിന്ന് തട്ടിയെടുത്തത് കശ്മീരികൾ തിരിച്ചെടുക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.