ജമ്മു കശ്മീരില്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ 2.78 ലക്ഷത്തിലേറെ പേര്‍ക്ക് അനധികൃതമായി തോക്ക് ലൈസന്‍സ് നല്‍കിയെന്ന് സിബിഐ

Update: 2021-07-24 18:28 GMT

ശ്രീനഗര്‍: ആയുധ വ്യാപാരികളുമായി സഹകരിച്ച് ജമ്മു കശ്മീരിലെ നിരവധി ജില്ലാ മജിസ്‌ട്രേറ്റുകള്‍ അനധികൃതമായി തോക്ക് ലൈസന്‍സുകള്‍ നല്‍കിയതായി സിബിഐ. ആയുധ ലൈസന്‍സ് റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു കണ്ടെത്തലെന്ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) അറിയിച്ചു. പണം വാങ്ങി 2.78 ലക്ഷത്തിലധികം അനധികൃത തോക്ക് ലൈസന്‍സുകള്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ആയുധ ലൈസന്‍സ് കുംഭകോണമാണിതെന്നു കരുതുന്നതായും സിബി ഐ വ്യക്തമാക്കി. ജമ്മു കശ്മീരിലെ ആയുധ ലൈസന്‍സ് റാക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ വീടുകള്‍ ഉള്‍പ്പെടെ 40 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 20 തോക്കുകള്‍ കണ്ടെത്തിയെന്നും സിബിഐ പ്രസ്താവനയില്‍ പറഞ്ഞു.

    പരിശോധന നടത്തിയതില്‍ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരായ ഷാഹിദ് ഇക്ബാല്‍ ചൗധരി, നീരജ് കുമാര്‍ എന്നിവരും ഉള്‍പ്പെടുന്നു. ഗോത്രകാര്യ സെക്രട്ടറിയായ ചൗധരി ജമ്മു കശ്മീരിലെ ആറ് ജില്ലകളില്‍ ജില്ലാ മജിസ്‌ട്രേറ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാല്‍, തന്റെ വസതിയില്‍ സിബിഐ നടത്തിയ തിരച്ചിലിനിടെ കുറ്റകരമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നും ചില കേസുകളില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന് അദ്ദേഹം സമ്മതിച്ചതായും എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. 2017ലാണ് ജമ്മു കശ്മീരിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ ലൈസന്‍സുള്ള ആയുധങ്ങളുമായി ചിലരെ പിടികൂടിയതിനെ തുടര്‍ന്ന് രാജസ്ഥാന്‍ പോലിസിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ആയുധ ലൈസന്‍സ് റാക്കറ്റിനെ കുറിച്ച് അന്വേഷണം തുടങ്ങിയത്.

    വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ കരസേനാംഗങ്ങളുടെ പേരില്‍ മൂവായിരത്തിലേറെ ലൈസന്‍സുകള്‍ നല്‍കിയതായും എടിഎസ് കണ്ടെത്തിയിരുന്നു. ജമ്മു കശ്മീരിലെ അന്നത്തെ പിഡിപി-ബിജെപി സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന്റെ പേരില്‍ പ്രതികളെ സംരക്ഷിക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. തുടര്‍ന്ന് 2018ല്‍ അന്നത്തെ ഗവര്‍ണര്‍ എന്‍എന്‍ വോഹ്ര കേസ് സിബിഐയ്ക്കു കൈമാറി. കുപ്‌വാര ജില്ലാ മജിസ്‌ട്രേറ്റായിരിക്കെ ആയിരക്കണക്കിന് ലൈസന്‍സുകള്‍ നല്‍കിയെന്നാരോപിച്ച് ഐഎഎസ് ഉദ്യോഗസ്ഥരായ കുമാര്‍ രാജീവ് രഞ്ജന്‍, ഇത്‌റാത്ത് റാഫിഖി എന്നിവരെ കഴിഞ്ഞ മാര്‍ച്ചില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

J&K District Chiefs Involved In India's Biggest Arms Licence Scam: CBI

Tags:    

Similar News