ബിജെപിയുടെ രാഷ്ട്രീയ പകപോക്കൽ'; ഇഡി ചോദ്യം ചെയ്യലിന് എതിരേ ഝാർഖണ്ഡ് മുഖ്യമന്ത്രി
റാഞ്ചി: കൽക്കരി ഖനന അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ച നടപടിയിൽ പ്രതികരണവുമായി ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ. "ഞാൻ കുറ്റക്കാരനാണെങ്കിൽ ചോദ്യം ചെയ്യൽ എന്തിനാണ്, കഴിയുമെങ്കിൽ എന്നെ അറസ്റ്റ് ചെയ്യൂ" ഹേമന്ദ് സോറൻ പ്രതികരിച്ചു. ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ആദിവാസി വിഭാഗത്തിൽ നിന്നുള്ള മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപിയെ എതിർക്കുന്ന ആരുടെയും ശബ്ദം അടിച്ചമർത്താൻ ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. ഇതിന് ജനങ്ങളിൽ നിന്ന് ഉചിതമായ മറുപടി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൽക്കരി ഖനന അഴിമതിയിൽ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഹേമന്ദ് സോറനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം. ഇന്ന് റാഞ്ചിയിലെ ഇഡി റീജിയണൽ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഹാജരായില്ല. പകരം ഝാർഖണ്ഡ് മുക്തി മോർച്ചയുടെ പ്രവർത്തകരെ അദ്ദേഹം തന്റെ വീടിന് പുറത്ത് അഭിസംബോധന ചെയ്തു. കോൺഗ്രസുമായി ചേർന്നാണ് സംസ്ഥാനത്ത് ഝാർഖണ്ഡ് മുക്തി മോർച്ച ഭരണം നടത്തുന്നത്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാഷ്ട്രീയ പകപോക്കലിന്റെ തിരക്കിലാണെന്നും ഹേമന്ദ് സോറൻ ആരോപിച്ചു.