ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി

Update: 2022-08-26 13:04 GMT

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി. ഹേമന്തിന്റെ നിയമസഭാ അംഗത്വം റദ്ദ് ചെയ്തു. ഇതോടെ ഹേമന്ത് സോറന് എംഎല്‍എ ആയി തുടരാനാവില്ല. രാജ്ഭവനില്‍ നിന്നുള്ള ഗവര്‍ണറുടെ ഔദ്യോഗിക അറിയിപ്പിന് ശേഷം ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടിവരുമെന്ന കാര്യം ഉറപ്പായി. ആറ് മാസത്തിനുള്ളില്‍ സോറന് തിരഞ്ഞെടുപ്പ് നേരിട്ട് വീണ്ടും എംഎല്‍എ ആവാം. പിന്നീട് യുപിഎ എംഎല്‍എമാരുടെ പിന്തുണയില്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്താം.

അനധികൃത ഖനന കേസിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹേമന്ത് സോറന് അയോഗ്യത കല്‍പ്പിച്ചത്. സ്വന്തം പേരില്‍ ഖനനാനുമതി തേടിയതിനാണ് നടപടി. അതെസമയം, സോറന്റെ അയോഗ്യത സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഗവര്‍ണര്‍ പരിശോധിച്ചുവരികയാണെന്നാണ് ലഭിക്കുന്ന റിപോര്‍ട്ടുകള്‍. സോറന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് വിലക്കില്ലെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍നടപടികളെക്കുറിച്ച് സോറന്‍ ഭരണഘടനാ വിദഗ്ധരുമായി കൂടിയാലോചന നടത്തുന്നതായും റിപോര്‍ട്ടുണ്ട്.

അനധികൃത ഖനനത്തിന് അനുമതി നല്‍കിയതില്‍ അഴിമതി നടന്നുവെന്നും എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നല്‍കിയ പരാതിയിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ ഒമ്പത് എ വകുപ്പ് പ്രകാരമാണ് തീരുമാനം. 2021 ജൂലൈയില്‍ റാഞ്ചിയിലെ അംഗാര ബ്ലോക്കില്‍ 88 സെന്റ് ഭൂമിയില്‍ ഖനനത്തിന് ഖനനവകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അനുമതി നല്‍കിയെന്നാണ് ബിജെപിയുടെ ആരോപണം.

ഖനനത്തിന് അനുമതി നല്‍കിയത് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണെന്നാണ് ആരോപണം. കോണ്‍ഗ്രസും സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ചേര്‍ന്നാണ് ഇപ്പോള്‍ ജാര്‍ഖണ്ഡ് ഭരിക്കുന്നത്. ജാര്‍ഖണ്ഡില്‍ 81 അംഗ നിയമസഭയില്‍ യുപിഎ സഖ്യത്തിന് 49 എംഎല്‍എമാരാണുള്ളത്. യുനൈറ്റഡ് പ്രോഗ്രസീവ് അലയന്‍സില്‍, ഏറ്റവും വലിയ കക്ഷിയെന്ന നിലയില്‍ ജെഎംഎമ്മിന് 30 എംഎല്‍എമാരും കോണ്‍ഗ്രസിന് 18 എംഎല്‍എമാരും ആര്‍ജെഡിക്ക് ഒരാളുമാണുള്ളത്. മുഖ്യപ്രതിപക്ഷമായ ബിജെപിക്ക് 26 എംഎല്‍എമാരാണ് സഭയിലുള്ളത്.

Tags:    

Similar News