പോലിസ് കസ്റ്റഡിലുള്ള പ്രതിയെ മോചിപ്പിച്ച കേസില്‍ ബിജെപി എംഎല്‍എയ്ക്കു തടവുശിക്ഷ

ധന്‍ബാദില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ധുല്ലോ മഹ്‌തോ

Update: 2019-10-09 12:01 GMT

റാഞ്ചി: പോലിസ് കസ്റ്റഡിലുള്ള പ്രതിയെ മോചിപ്പിക്കാന്‍ സഹായിച്ചെന്ന കേസില്‍ ജാര്‍ഖണ്ഡിലെ ബിജെപി എംഎല്‍എ കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. ബാഗ്മര നിയോജക മണ്ഡലം എംഎല്‍എയായ ധുല്ലോ മഹ്‌തോയെയാണ് ഒന്നര വര്‍ഷം തടവിനു ശിക്ഷിച്ചത്. 2013 മെയ് 12നാണ് കേസിനാസ്പദമായ സംഭവം. കോടതി ഉത്തരവനുസരിച്ച് രാജേഷ് ഗുപ്ത എന്നയാളെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ധുല്ലോ മഹ്‌തോയും അനുയായികളും പോലിസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ധുല്ലോ മഹ്‌തോയ്ക്കും അഞ്ചുപേര്‍ക്കുമെതിരേയാണ് പോലിസ് കേസെടുത്തിരുന്നത്. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ശിഖ അഗര്‍വാളാണ് കേസില്‍ വിധി പറഞ്ഞത്. അഞ്ചുപേരെ ശിക്ഷിച്ച കോടതി ഒരാളെ വെറുതെവിട്ടു. ധന്‍ബാദില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ധുല്ലോ മഹ്‌തോ. ബലാല്‍സംഗശ്രമത്തിനു ഞായറാഴ്ച ഇദ്ദേഹത്തിനെതിരേ കേസെടുത്തിരുന്നു. ജനപ്രാതിനിധ്യ നിയമം പ്രകാരം എംഎല്‍എയോ എംപിയോ ഒരു ക്രിമിനല്‍ കേസില്‍ രണ്ടുവര്‍ഷമോ അതിലധികമോ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ അവരുടെ സ്ഥാനം തെറിക്കും. എന്നാല്‍, ധുല്ലോ മഹ്‌തോയ്ക്ക് ഒന്നര വര്‍ഷം തടവാണ് വിധിച്ചത് എന്നതിനാല്‍ എംഎല്‍എ പദവി നഷ്ടപ്പെടില്ല.




Tags: