മാളയിലെ ജൂതസ്മാരകങ്ങളും മുസ്‌രിസ് പൈതൃക പദ്ധതിയില്‍

Update: 2020-08-10 11:10 GMT

മാള: മുസ്‌രിസ് പൈതൃക പദ്ധതിയില്‍ മാളയിലെ യഹൂദ സ്മാരകങ്ങളായ സിനഗോഗും സെമിത്തേരിയും ഇടംനേടി. ഇവ രണ്ടിന്റെയും ചരിത്രവും പൈതൃകവും നിലനിര്‍ത്തി ടൂറിസം സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് പദ്ധതി നടപ്പാക്കുക. പറവൂര്‍, ചേന്ദമംഗലം, മാള എന്നിങ്ങനെ യഹൂദ ജൂത ചരിത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെ ചരിത്ര സ്മാരകങ്ങള്‍ ഉള്‍പ്പെടുത്തി യഹൂദ സര്‍ക്യുട്ട് സ്ഥാപിക്കും. 1955ല്‍ അവസാന യഹൂദ സമൂഹം ഇസ്രായേലിലേക്ക് പോയപ്പോള്‍ സിനഗോഗിന്റെയും സെമിത്തേരിയുടെയും സംരക്ഷണം കരാര്‍ പ്രകാരം മാള ഗ്രാമപ്പഞ്ചായത്തിനെ ഏല്‍പ്പിക്കുകയായിരുന്നു.

    ജൂതരുടെ ആരാധനാകേന്ദ്രമായ സിനഗോഗിന്റെ നവീകരണത്തിനായി 75 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഭാവിയില്‍ യഹൂദ മ്യൂസിയമായി സിനഗോഗ് മാറും. ജൂതന്മാരുടെ ചരിത്രം, ജീവിത രീതി, ഭക്ഷണ സംസ്‌കാരം എന്നീ വിവരങ്ങള്‍ മ്യൂസിയത്തിലൊരുക്കും. ചരിത്ര വിവരങ്ങള്‍ ദൃശ്യ-ശ്രാവ്യ രൂപങ്ങളില്‍ സന്ദര്‍ശകരിലേക്ക് എത്തിക്കും. കേരളത്തിലെ ആറ് ജൂതപ്പള്ളികളില്‍ മൂന്നെണ്ണവും മുസ്‌രിസ് പദ്ധതിക്കു കീഴില്‍ വരുന്നുണ്ട്. സോളമന്‍ രാജാവിന്റെ കാലം മുതല്‍ തന്നെ യഹൂദര്‍ കേരളവുമായി ബന്ധം പുലര്‍ത്തിയിരുന്നതായാണു ചരിത്രം. യെരുശലേമിന്റെ പതനത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂരിലെത്തിയ യഹൂദര്‍ മാളയിലേക്കും എത്തുകയായിരുന്നു. കച്ചവടമായിരുന്നു ജൂതന്മാരുടെ പ്രധാന തൊഴില്‍. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യഹൂദന്മാരുടെ പള്ളികളിലൊന്നാണ് മാളയിലേത്. പുരാതന പള്ളി ജീര്‍ണിച്ചതിനാല്‍ 1791 ല്‍ പുതിയ പള്ളി പണി പൂര്‍ത്തീകരിച്ചു. 1912ലാണ് ഇന്ന് കാണുന്ന പള്ളിയുടെ കെട്ടിടം പുതുക്കിപ്പണിതത്. കേരളത്തിലെ ഏറ്റവും വിസ്തൃതിയുള്ള മാളയിലെ യഹൂദ ശ്മശാനം നാല് ഏക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. മൂന്ന് ശവ കുടീരങ്ങളാണ് ഇവിടെയുള്ളത്. ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കാന്‍ 9897000 രൂപയാണ് അനുവദിച്ചത്. 120 ദിവസം കൊണ്ട് സെമിത്തേരി ചുറ്റുമതില്‍ പണി പൂര്‍ത്തീകരിക്കും.

    സെമിത്തേരി ഗ്രാമപ്പഞ്ചായത്ത് സ്വന്തം ചെലവില്‍ സംരക്ഷിക്കണം. കടന്നുകയറ്റമോ കല്ലറകള്‍ക്ക് നേരെയുള്ള കൈയേറ്റമോ അനുവദിക്കരുത്, സെമിത്തേരിയുടെ ഒരു ഭാഗത്തും കുഴിക്കുകയോ മണ്ണെടുക്കുകയോ ചെയ്യരുത്, ചുറ്റുമതിലും ഗെയ്റ്റും സംരക്ഷിക്കണം, സെമിത്തേരി മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കരുത് എന്നിവയാണ് സെമിത്തേരിയുമായി ബന്ധപ്പെട്ട് കരാറില്‍ പറയുന്ന പ്രധാന വ്യവസ്ഥകള്‍. കരാര്‍ വ്യവസ്ഥകള്‍ പാലിച്ചായിരിക്കും മാളയിലെ ജൂത സ്മാരകങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ പുരോഗമിക്കുക.

Jewish monuments in Mala are also part of the Musris Heritage Project





Tags:    

Similar News