പണിമുടക്കിനൊരുങ്ങി 1100 ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍; ഏഴു വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് വിമാനക്കമ്പനി

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തകര്‍ച്ചയുടെ വക്കിലുള്ള ജെറ്റ് എയര്‍വേയ്‌സിന്റെ അന്താരാഷ്ട്ര സര്‍വീസുകളില്‍ പലതും കഴിഞ്ഞ ആഴ്ചയോടെ നിര്‍ത്തിയിരുന്നു. വിഷയത്തില്‍ ഇടപെടാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പൈലറ്റുമാര്‍ പണിമുടക്ക് തീരുമാനം പ്രഖ്യാപിച്ചത്.

Update: 2019-04-14 14:29 GMT

ന്യൂഡല്‍ഹി: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആയിരത്തോളം ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കാനൊരുങ്ങുന്നു.സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ജനുവരി മുതല്‍ പൈലറ്റുമാര്‍, എന്‍ജിനിയര്‍മാര്‍, സീനിയര്‍ സ്റ്റാഫുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. മറ്റു തസ്തികയിലുള്ളവര്‍ക്ക് മാര്‍ച്ചിലെ ശമ്പളം ലഭിച്ചിട്ടില്ല. തങ്ങള്‍ക്ക് മൂന്നര മാസത്തെ ശമ്പളമാണ് ലഭിക്കാനുള്ളത്്. എപ്പോള്‍ അത് ലഭിക്കുമെന്നറിയില്ലെന്നും പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ ഏവിയേറ്റേഴ്‌സ് ഗില്‍ഡ് (എന്‍എജി) അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തകര്‍ച്ചയുടെ വക്കിലുള്ള ജെറ്റ് എയര്‍വേയ്‌സിന്റെ അന്താരാഷ്ട്ര സര്‍വീസുകളില്‍ പലതും കഴിഞ്ഞ ആഴ്ചയോടെ നിര്‍ത്തിയിരുന്നു. വിഷയത്തില്‍ ഇടപെടാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പൈലറ്റുമാര്‍ പണിമുടക്ക് തീരുമാനം പ്രഖ്യാപിച്ചത്. കമ്പനി വിഷയത്തില്‍ ഒരു ഇടപെടലും നടത്താത്തതാണ് കടുത്ത നടപടികളിലേക്ക് പോകന്‍ പൈലറ്റുമാരെ നിര്‍ബന്ധിതരാക്കിയതെന്ന് എന്‍എജി വക്താവ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ കമ്പനി നിരവധി സര്‍വീസുകള്‍ ഒഴിവാക്കിയിരുന്നു. ഈയിനത്തില്‍ യാത്രക്കാര്‍ക്ക് മാത്രം 3500 കോടി രൂപ കമ്പനി നല്‍കാനുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തത്. കമ്പനിയുടെ ആകെ ബാധ്യത 12 കോടി ഡോളറാണെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം, ഏഴു വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് ജെറ്റ് എയര്‍വേസ് വക്താവ് പറഞ്ഞു. എന്‍എജിയില്‍ അംഗമല്ലാത്ത പൈലറ്റുമാരെ ഉപയോഗിച്ചാവും സര്‍വീസ് നടത്തുക. സമരം തുടങ്ങുന്നതിനു മുമ്പ് 119 വിമാനങ്ങളാണ് സര്‍വീസ് നടത്തിയിരുന്നത്.

Tags:    

Similar News