ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും ഹൃദയശസ്ത്രക്രിയ നടത്തിയില്ല, ജയലളിതയുടെ മരണത്തില്‍ ദുരൂഹത; ജുഡീഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ട്

വിദേശ ഡോക്ടര്‍മാര്‍ ജയലളിതയ്ക്ക് ഹൃദയശസ്ത്രക്രിയ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇത് നടത്തിയില്ല. മരണവിവരം പൊതുസമൂഹത്തെ അറിയിച്ചത് ഒരുദിവസം വൈകിയാണെന്നും തമിഴ്‌നാട് നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Update: 2022-10-18 14:13 GMT

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ശശികല അടക്കമുള്ളവര്‍ക്ക് എതിരെ അന്വേഷണം വേണമെന്നും ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷന്‍ തമിഴ്‌നാട് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. വിദേശ ഡോക്ടര്‍മാര്‍ ജയലളിതയ്ക്ക് ഹൃദയശസ്ത്രക്രിയ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇത് നടത്തിയില്ല. മരണവിവരം പൊതുസമൂഹത്തെ അറിയിച്ചത് ഒരുദിവസം വൈകിയാണെന്നും തമിഴ്‌നാട് നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ശശികല, ജയലളിതയുടെ ഡോക്ടര്‍ കെ എസ് ശിവകുമാര്‍, മുന്‍ ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍, മുന്‍ ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് വീഴ്ചയുണ്ടായതായും അന്വേഷണം നടത്തണമെന്നും അന്വേഷണ കമ്മീഷന്‍ പറയുന്നു. അഞ്ചു വര്‍ഷത്തെ അന്വേഷണത്തിന് ഒടുവില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് കമ്മീഷന്‍ 1,108 പേജുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കൈമാറിയത്. ഈ റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ വെയ്ക്കുകയായിരുന്നു.

ജയലളിതയുടെ മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ശരിയായ ചികിത്സ ലഭിച്ചിട്ടില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ, അന്നത്തെ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വമാണ് അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചത്. 2016 സെപ്റ്റംഹര്‍ 22ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ 2016 ഡിസംബര്‍ 5ന് മരണം സ്ഥിരീകരിച്ചത് വരെയുള്ള കാര്യങ്ങളാണ് കമ്മീഷന്‍ അന്വേഷിച്ചത്.

159 സാക്ഷികളെ കമ്മീഷന്‍ നേരില്‍ കണ്ട് മൊഴിയെടുത്തു. ജയലളിതയുടെ ഡോക്ടര്‍ കെ എസ് ശിവകുമാര്‍, മുന്‍ ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍, മുന്‍ ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണന്‍ എന്നിവരുടെയും മൊഴി കമ്മീഷന്‍ രേഖപ്പെടുത്തിയിരുന്നു. അതേസമയം, ജയലളിതയ്ക്ക് ചികിത്സ നല്‍കിയതില്‍ വീഴചയില്ലെന്നായിരുന്നു എയിംസിലെ വിദഗ്ധ സംഘം നല്‍കിയ റിപ്പോര്‍ട്ട്.

Tags:    

Similar News