നാണക്കേടു കൊണ്ട് തലകുനിയുന്നു; ക്രിസ്തുവിന്റെ പ്രതിമ മാറ്റിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ജാവേദ് അക്തര്‍

തീവ്രസംഘങ്ങളുടെ പ്രേരണക്ക് വിധേയരായി പ്രതിമ മാറ്റിയ സംഭവം അപലപനീയമാണെന്നും നാണക്കേടു കൊണ്ട് തന്റെ തല കുനിഞ്ഞു പോയെന്നും ജാവേദ് അക്തര്‍ പറഞ്ഞു.

Update: 2020-03-08 04:46 GMT

ബെംഗളൂരു: ഹിന്ദുത്വ സംഘടനകളുടെ ആവശ്യത്തെതുടര്‍ന്ന് ബെംഗളൂരുവില്‍ യേശു ക്രിസ്തുവിന്റെ പ്രതിമ മാറ്റിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. തീവ്രസംഘങ്ങളുടെ പ്രേരണക്ക് വിധേയരായി പ്രതിമ മാറ്റിയ സംഭവം അപലപനീയമാണെന്നും നാണക്കേടു കൊണ്ട് തന്റെ തല കുനിഞ്ഞു പോയെന്നും ജാവേദ് അക്തര്‍ പറഞ്ഞു. ബെംഗളൂരു സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ബെംഗളൂരുവില്‍ നിന്ന് 40 കിമി അകലെയുള്ള ദേവനഹള്ളിയിലെ കുന്നിന്‍ മുകളില്‍ നിന്നാണ് ക്രിസ്തു പ്രതിമ മാറ്റിയത്.

'താന്‍ ഒരു നിരീശ്വരവാദിയാണ്. എന്നിരുന്നാലും ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ നാണക്കേടു കൊണ്ട് തന്റെ തലകുനിയുകയാണ്. കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് പാലിക്കാനായി പോലുസ് ക്രെയിന്‍ ഉപയോഗിച്ചാണ് യേശു ക്രിസ്തുവിന്റെ പ്രതിമ മാറ്റിയത്', ജാവേദ് അക്തര്‍ പറയുന്നു.

സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് പ്രതിമ സ്ഥാപിച്ചതെന്ന ആരോപണങ്ങള്‍ തീവ്രഗ്രൂപ്പുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ സെമിത്തേരിക്കായി സര്‍ക്കാര്‍ നല്‍കിയ ഭൂമിയിലാണ് പ്രതിമ നാട്ടിയതെന്നും ഇത്തരത്തിലുള്ള ഗ്രൂപ്പുകളുടെ ഇംഗിതത്തിന് വശംവദരായി സര്‍ക്കാരുകള്‍ പെരുമാറാന്‍ പാടില്ലായിരുന്നുവെന്നും അതിരൂപത വക്താവ് ജെ എ കന്തരാജ് വ്യക്തമാക്കിയിരുന്നു. മുന്നറിയിപ്പോ നോട്ടിസോ നല്കാതെയാണ് പെട്ടെന്ന് ഒരു ദിവസം വന്ന് പോലിസ് പ്രതിമ മാറ്റിയതെന്നും അത് അസ്വീകാര്യമാമെന്നും ബെംഗളൂരു ആര്‍ച്ച് ബിഷപ്പും വ്യക്തമാക്കിയിരുന്നു.ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യം ഹനിക്കുന്ന തീരുമാനമാണിതെന്നും ഈ സംഭവം സാമുദായിക സൗഹൃദം തകര്‍ക്കുന്നതുമാണെന്ന് ആര്‍ച്ച് ബിഷപ്പ് കുറ്റപ്പെടുത്തി.

Tags: